തിരുവനന്തപുരം: ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിഗണിക്കും.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐജി പി വിജയനെ മെയ് 18ന് സസ്പെന്‍ഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രണ്ടുമാസത്തിന് ശേഷം നടന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സസ്പെന്‍ഷന്‍ പുനപരിശോധന സമിതി പി വിജയനെ തിരികെയെടുക്കണമെന്ന് ശുപാര്‍ശ നല്‍കി.
സസ്പെന്‍ഷന്‍ നീട്ടീകൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയെടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാര്‍ശ. എന്നാല്‍ പി വിജയന്റെ വിശദീകരത്തിന്മേല്‍ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങള്‍ ശരിവച്ചും പി വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്.
ഐജിയെ തിരിച്ചെടുക്കുന്നത് വകുപ്പ്തല അന്വേഷണത്തിന് തടസമല്ല. വകുപ്പ്തല അന്വേഷണത്തില്‍ ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരമുണ്ടാകും. അപ്പോഴുള്ള കണ്ടെത്തലുകളില്‍ വകുപ്പുതല നടപടിയാകാം. മൂന്നരമാസമായി തുടരുന്ന സസ്പെന്‍ഷന്‍ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നുമാണ് ശുപാര്‍ശ.