KeralaNEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒന്‍പത് ബാങ്കുകളില്‍ ഇ.ഡി. റെയ്ഡ്

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ ഇ.ഡി. പരിശോധന. ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍നിന്നുള്ള ഇ.ഡി.യുടെ നാല്‍പ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് പുതിയ പരിശോധനകള്‍.

കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റു സര്‍വീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാര്‍ ഒന്നരക്കോടിയോളം രൂപ അയ്യന്തോള്‍ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളില്‍ അഞ്ച് അക്കൗണ്ടുകളിലായി ഇയാള്‍ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. നിലവില്‍ ഇ.ഡി. കസ്റ്റഡിയിലാണ് ഇയാള്‍.

കൂടാതെ കൊച്ചിയിലെ ദീപക് എന്ന വ്യക്തി അഞ്ചരക്കോടി രൂപ വെളുപ്പിക്കുന്നതിനായി ഒന്‍പതോളം ഷെല്‍ കമ്പനികള്‍ തുടങ്ങിയിരുന്നു. നാളെ മുന്‍മന്ത്രി എ.സി. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കേയാണ് ഇ.ഡി.യുടെ വ്യാപക പരിശോധന. കൂടുതല്‍ സി.പി.എം. നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. നേരത്തേ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളുടെയെല്ലാം വീടുകളില്‍ ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: