KeralaNEWS

ക്വാറന്റൈന്‍ ലംഘിച്ച് ബന്ധുവീട്ടില്‍; യുവതിക്കും ഭര്‍ത്താവിനുമെതിരേ പരാതി

കോഴിക്കോട്: നിപ ബാധയെ തുടര്‍ന്ന് മരിച്ച യുവാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി. നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് പോലീസില്‍ പരാതി നല്‍കി. നാദാപുരം പഞ്ചായത്തിലെ വാര്‍ഡ് 19 ലാണ് സംഭവം. മരുതോങ്കര കള്ളാട് മരണമടഞ്ഞ യുവാവിന്റെ വീട്ടിലാണ് കുടുംബം സന്ദര്‍ശനം നടത്തിയത്. ഇതിനുപിന്നാലെ ആരോഗ്യ വകുപ്പ് ഇടപെട്ട് കുടുംബത്തെ ഇവരുടെ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ നിര്‍ത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ശ്രവ പരിശോധനക്കായി മൊബൈല്‍ ലാബുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്, അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കള്‍ പുറമേരി പഞ്ചായത്തിലെ അരൂരിലെ ബന്ധുവീട്ടില്‍ പോയതാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന്, ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാതായതോടെ ശ്രവ പരിശോധനയും മുടങ്ങി. വീട്ടുകാര്‍ ക്വാറന്റൈനില്‍ നില്‍ക്കുന്ന സമയത്ത് എറണാകുളത്ത് ജോലി ചെയ്യുന്ന ഇവരുടെ മകന്‍ നാദാപുരത്തെ വീട്ടിലെത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.

Signature-ad

എന്നാല്‍, ഈ യുവാവിനെയും ഇന്ന് വീട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ക്വാറന്റൈന്‍ ലംഘിച്ച് ഇവര്‍ യാത്ര ചെയ്ത വാഹനവും ഡ്രൈവറേയും കണ്ടെത്തേണ്ടതുണ്ടെന്നും ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടുമാണ് നാദാപുരം ഗവ ആശുപത്രി ആരോഗ്യ വിഭാഗം അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.

Back to top button
error: