CrimeNEWS

മരണത്തിലും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്; യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്നും അയച്ചു

കൊച്ചി: ഓണ്‍ലൈന്‍ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോണ്‍ ആപ്പുകള്‍. മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോണ്‍ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കള്‍ക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളില്‍ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂട്ട ആത്മഹത്യയില്‍ ഓണ്‍ലൈന്‍ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരന്‍ ടിജോ പറഞ്ഞു.

കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശില്‍പയുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

Signature-ad

അതിനിടെയാണ് മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടയ്ച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച വിവരം അറിയുന്നത്. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലോണ്‍ അടക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തില്‍ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളില്‍ എത്തി. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ചിത്രങ്ങള്‍ പ്രചരിച്ചതായി അറിഞ്ഞതോടും കൂടിയാണ് യുവതിയും ഭര്‍ത്താവും കടുംകൈയ്ക്ക് മുതിര്‍ന്നത്.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പു സംഘത്തിന്റെ ഉള്‍പ്പെടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മയില്‍ രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്. മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡിവൈഎസ്പി കെ.എ.അനീഷ് അറിയിച്ചു. ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

എന്നാല്‍, ചെറിയ തുക മാത്രമാണു ഇവര്‍ വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശില്‍പയുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്പ ഇടപാടുകാര്‍ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവര്‍ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

 

Back to top button
error: