തിരുവനന്തപുരം: ആര്യനാട് ഉഴമലയ്ക്കലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ ലോറി ഓടിച്ച ക്ലീനര്‍ റിമാന്റില്‍. കുറ്റിച്ചല്‍ പരുത്തിപ്പള്ളി പിണര്‍വിളാകത്ത് വീട്ടില്‍ ദിലീപ്(34)ആണ് റിമാന്റിലായത്. സംഭവ സ്ഥലത്തുനിന്നും പിടികൂടുമ്പോള്‍ തന്നെ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ആളുകള്‍ക്ക് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് നടത്തിയ കൃത്യമായതിനാല്‍ 304ാം വകുപ്പ് കുറ്റകരമായ നരഹത്യയ്ക്കാണ് ആര്യനാട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രിയോടെ പ്രതിയെ റിമാന്റ് ചെയ്തു. ഉഴമലയ്ക്കല്‍ കുളപ്പട എലിയാവൂര്‍ എലിയാക്കോണത്തുവീട്ടില്‍ ഷീലയാണ് (56)ആണ് ഇക്കഴിഞ്ഞ ദിവസം നടന്ന ലോറി അപകടത്തില്‍ ഉഴമലയ്ക്കല്‍ എലിയാവൂര്‍ ശാന്തിഗിരി ബഥനി ആശ്രമ ജംഗ്ഷനില്‍ വച്ച് മരിച്ചത്.
ലോറി ഓടിച്ചിരുന്ന ക്ലീനര്‍ ദിലീപിനെ സംഭവ സ്ഥലത്തുനിന്നും നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവച്ച് ഇയാള്‍ നാട്ടുകാരോട് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ ഇയാളാണ് വണ്ടിയോടിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് യാണ് ഇയാളുടെ കള്ളക്കളി പുറത്തായത്.ഇയാള്‍ക്ക് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമാണുള്ളത്.ഹെവി ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ വലിയ ലോറി ഓടിച്ച് അപകടമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.