KeralaNEWS

മകളുടെ വേദന കണ്ടുനില്‍ക്കാനാവാതെ മനംനൊന്ത് ജീവനൊടുക്കിയ പിതാവിന്റെ അരികിലേക്ക് കുഞ്ഞ് ദേവു യാത്രയായി

തിരുവനന്തപുരം: ഉത്സവ പറമ്ബിലെ തകര്‍പ്പൻ ഡാൻസ് വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ പന്ത്രണ്ട് വയസുകാരി ദേവു ചന്ദന ഒടുവില്‍ മരണത്തിന് കീഴടങ്ങി.

അപൂര്‍വ രോഗബാധയെ തുടര്‍ന്ന് നീണ്ട മൂന്നു വര്‍ഷത്തെ യാതനകള്‍ക്കൊടുവിലാണ് കുഞ്ഞ് ദേവു ഈ ലോകത്തോട് വിട പറയുന്നത്. ദേവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ നാലാം ദിനം, മകളുടെ വേദന കണ്ടു നില്‍ക്കാനാവാതെ, പിതാവ് ചന്ദ്രബാബു ആശുപത്രി പരിസരത്ത് ജീവനൊടുക്കുകയായിരുന്നു.

ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ടെലിവിഷൻ പരിപാടികളിലും ദേവു പങ്കെടുത്തിരുന്നു. സിനിമ- സീരിയല്‍ രംഗത്ത് നിന്നും നിരവധി അവസരങ്ങള്‍ ദേവുവിനെ തേടിയെത്തിയിരുന്നു. ഇതിനിടെ, അപ്രതീക്ഷിതമായിട്ടായിരുന്നു കുഞ്ഞിന് രോഗം ബാധിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ ചന്ദ്രബാബുവിന്റെയും രജിതയുടെയും മകളാണ് ദേവു.

Signature-ad

2020ല്‍ പെട്ടെന്ന് പനി ബാധിച്ചതോടെ ദേവു കിടപ്പിലായി. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അപൂര്‍വ വൈറസ് ബാധയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ സാധാരണക്കാരായ കുടുംബം മകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരായി. ഇതിനിടെ വൈറസ് തലച്ചോറിനെ ബാധിക്കുകയും കുട്ടിയുടെ ബോധം നഷ്ടമാകുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുൻപ് വരെ ഓടിക്കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്ന മകളുടെ കിടപ്പ് കാണാനാകാതെ പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു ജീവനൊടുക്കി.

തുടര്‍ന്ന് മകളുടെ ജീവൻ നിലനിര്‍ത്താൻ ഒറ്റയ്ക്ക് പോരാടിയ അമ്മ രജിതയോടൊപ്പം ബന്ധുക്കളും നാട്ടുകാരും സുമനസ്സുകളും കൈകോര്‍ത്തു. എന്നാല്‍ ഒരാഴ്ചയ്ക്ക് മുൻപ് വീണ്ടും രോഗം മൂര്‍ച്ഛിച്ചു.ഇതോടെ ദേവുവിന് രണ്ടാഴ്ചത്തെ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒടുവില്‍ ചികിത്സ പൂര്‍ത്തിയാകുന്നതിന് മുൻപേ ദേവുവിനെ മരണം കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

Back to top button
error: