IndiaNEWS

‘ഇന്ത്യ’യുടെ ഏകോപനസമിതി യോഗം ഇന്ന്; സീറ്റ് പങ്കിടല്‍, തിരഞ്ഞെടുപ്പ് തന്ത്രം ചര്‍ച്ചയായേക്കും

ന്യൂഡല്‍ഹി: പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ, പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള 14 അംഗ സമിതി (കോര്‍ഡിനേഷന്‍ കമ്മിറ്റി) ഇന്നു വൈകിട്ട് ഡല്‍ഹിയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് പങ്കിടല്‍, തിരഞ്ഞെടുപ്പ് തന്ത്രം എന്നിവ യോഗത്തില്‍ ചര്‍ച്ചയായേക്കും. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പ്രചാരണ പരിപാടികള്‍ക്കും റാലികള്‍ക്കും അന്തിമരൂപം നല്‍കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ഏകോപനസമിതി യോഗത്തിനു മുന്നോടിയായി, ഇന്നലെ ശിവസേന (ഉദ്ധവ് വിഭാഗം) തലവന്‍ ഉദ്ധവ് താക്കറെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 90 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍, ഏകോപന സമിതി യോഗത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

Signature-ad

ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്), ടി.ആര്‍.ബാലു (ഡിഎംകെ), ഹേമന്ത് സോറന്‍ (ജെഎംഎം), സഞ്ജയ് റാവുത്ത് (ശിവസേന ഉദ്ധനവ് വിഭാഗം), തേജസ്വി യാദവ് (ആര്‍ജെഡി), രാഘവ് ചദ്ദ (എഎപി), ജാവേദ് അലി ഖാന്‍ (എസ്പി), ലലന്‍ സിങ് (ജെഡിയു), ഡി.രാജ (സിപിഐ), ഒമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പിഡിപി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍) എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍.

സിപിഎം ഇതുവരെ ഒരു അംഗത്തെയും കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടില്ല. അതിനാല്‍ ഇന്നത്തെ യോഗത്തില്‍ നിന്നും പാര്‍ട്ടി വിട്ടുനില്‍ക്കും. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സിപിഎമ്മിനെ പ്രതിനിധീകരിക്കുന്നത് ആരെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇന്നു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കിയിട്ടുള്ളതിനാല്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയും യോഗത്തില്‍ പങ്കെടുക്കില്ല.

 

Back to top button
error: