CrimeNEWS

മരണവീട്ടില്‍ സംഘട്ടനം തടയാനെത്തിയ പോലീസിനെ വെട്ടിയ പ്രതി പിടിയില്‍; കൊടുംക്രിമിനലിനെ കുടുക്കിയത് അതിസാഹസികമായി

തൃശൂര്‍: ചൊവ്വൂരില്‍ പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയില്‍. കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരന്‍ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്.

ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍വെച്ച് ഈ കാര്‍ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു പോലീസ്. വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയത് അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഒരുമണിയോടെ നന്ദിക്കരയില്‍വെച്ച് പോലീസ് പ്രതികളെ പിടികൂടിയത്.

Signature-ad

വാഹനങ്ങള്‍ റോഡിന് കുറുകെയിട്ട് സാഹസികമായാണ് പോലീസ് പ്രതികളെ പിടികൂടിയത്. മൂവരേയും ചേര്‍പ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് ഇന്നലെ വൈകിട്ട് 7.45ഓടെ വെട്ടേറ്റത്. ചെവിയുടെ ഭാഗത്ത് വെട്ടേറ്റ സുനിലിനെ ആദ്യം ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജിനോയുടെ ബന്ധു കുന്നത്തുപറമ്പില്‍ വില്‍സന്റെ മകന്‍ വിപിനെ (24) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വിപിന്റെ മരണത്തില്‍ ക്ഷുഭിതനായ ഒരു ബന്ധു ജിനോയുമായി തര്‍ക്കിക്കുകയും ശേഷം സംഘട്ടനമുണ്ടാകുകയും ചെയ്തു. ഈ സമയം പോലീസ് എത്തി മടങ്ങി. നാലുമണിക്ക് സംസ്‌കാരത്തിനുശേഷം വൈകിട്ട് ആറരയോടെ വീണ്ടും ഇവര്‍ തമ്മില്‍ സംഘട്ടനമുണ്ടായി. തുടര്‍ന്ന് ജിനോ കാര്‍ അതിവേഗത്തില്‍ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് വീണ്ടും എത്തി. ജിനോയെ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് വെട്ടേറ്റത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ആര്‍. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കേസിന്റെ അന്വേഷണം.

 

Back to top button
error: