തിരുവനന്തപുരം: ഇനി പള്ളി ശുശ്രൂഷയ്ക്ക് ഇല്ലെന്നും ശബരിമലയിൽ പോകാൻ തന്നെയാണ് തീരുമാനമെന്നും ക്രിസ്ത്യൻ പുരോഹിതനായ റവ.ഡോ. മനോജ് കെ ജി.
ശബരിമല ദര്ശത്തിന് വേണ്ടി മാല ഇട്ടു 41 ദിവസത്തെ വൃതം അനുഷ്ഠിക്കുന്ന അദ്ദേഹത്തെ സഭ പുരോഹിത സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
എന്ത് പ്രശ്നം വന്നാലും താൻ വൃതം പൂർത്തിയാക്കി മലകയറി അയ്യനെ കാണും എന്ന ഉറച്ച തീരുമാനത്തിലാണ് ഫാദർ. ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് എല്ലാ ആചാരങ്ങളും പാലിച്ചു തന്നെയാണ് മല കയറ്റത്തിന് ഒരുങ്ങുന്നത്. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്‌ക്കൽ.
തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50). മറ്റ് മതങ്ങളുടെ ആചാരങ്ങൾ പിൻതുടരാൻ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതിയും മതവും വേർതിരുവുകളുമെല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.മാർത്തോമാ സഭയുടെ വലിയ തിരുമേനിയായിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഉൾപ്പെടെ ശബരിമല കയറിയിട്ടുണ്ടെന്നും മുൻ എൻഎസ്എസ് ജനറൽ സെക്രട്ടറി നാരായണക്കുറുപ്പ് നൽകിയ ശ്രീകൃഷ്ണ വിഗ്രഹം മരിക്കുന്നതു വരെ തിരുമേനി തന്റെ ബെഡ്റൂമിൽ സൂക്ഷിച്ചിരുന്നതായും ഫാ.മനോജ് പറഞ്ഞു.
എന്നാൽ ക്രിസ്ത്യൻ പുരോഹിതനായ ഇദ്ദേഹത്തിനെതിരെ സഭ നടപടി എടുത്തിരിക്കുകയാണ്. വിശ്വാസ ലംഘനം ആരോപിച്ചാണ് ഫാദർ മനോജിന്റെ ശുശ്രൂഷാ ലൈസൻസും തിരിച്ചറിയൽ കാർഡും സഭ റദ്ദാക്കിയത്.ആംഗ്ളിക്കൻ സഭയുടെ പുരോഹിതനാണ് ഫാദർ ഡോ. മനോജ് .