നീലഗിരി: രണ്ട് കടുവകളെ വിഷം വെച്ച് കൊന്നതിന് കർഷകൻ അറസ്റ്റിൽ. ശേഖർ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. കുന്ദയിൽ രണ്ട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയതോടെയാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. കടുവയുടെ ജഡം കിടന്ന അവലാഞ്ചി എന്ന സ്ഥലത്തിന് സമീപം പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചപ്പോൾ കടുവകളുടെ ശരീരത്തിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശേഖറിനെ പിടികൂടിയത്.
എമറാൾഡ് ഗ്രാമത്തിൽ താമസിക്കുന്ന ശേഖറിൻറെ പശുവിനെ 10 ദിവസം മുൻപാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പശുവിൻറെ ജഡം കണ്ടെത്തി. ഏതോ വന്യമൃഗം പശുവിനെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ശേഖർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. പശുവിനെ കൊന്ന മൃഗം അതിനെ ഭക്ഷിക്കാൻ വീണ്ടും വരുമെന്ന ധാരണയിൽ പശുവിൻറെ ജഡത്തിൽ ശേഖർ കീടനാശിനി പ്രയോഗിച്ചു. ഇതോടെ രണ്ട് പെൺ കടുവകളാണ് ചത്തത്.
ശേഖറിൻറെ പശുവിനെ കാണാതായ സംഭവം പ്രദേശവാസികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന് ശേഖറിനെ ചോദ്യംചെയ്തു. അയാൾ കുറ്റം സമ്മതിച്ചു. നീലഗിരി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയാണ് ശേഖറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
നീലഗിരിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ആറ് കടുവകളാണ് ചത്തത്. മുതുമലയിലെ സിഗൂരിൽ രണ്ട് ആഴ്ച പ്രായമുള്ള രണ്ട് കടുവക്കുട്ടികളുടെ ജഡമാണ് കണ്ടെത്തിയത്. മുതുമലയിലെ കാട്ടിലും നടുവട്ടത്തെ തേയില തോട്ടത്തിലും മറ്റ് രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രകൃതിസ്നേഹികൾ രംഗത്തെത്തിയിരുന്നു.