ഇടുങ്ങിയ നീളൻ വഴി, അഴുക്കുപുരണ്ട നിലത്ത് വിഴുപ്പ് പുതച്ചുറങ്ങുന്ന മനുഷ്യർ.വണ്ടി ഓരോ സ്റ്റേഷൻ നിർത്തുമ്പോഴും ഇടുങ്ങിയ ഈ ഇടനാഴിയിൽ കൂടുതൽ തെരുവുകളുടെ പുഴുങ്ങൽ ശ്വസിച്ചു തുടങ്ങുന്നു.
തലക്ക് മുകളിലെ മൂന്നു ഫാനും തിരിയുന്നില്ല.മുഖമുയർത്തി ചുറ്റും കണ്ണോടിച്ച് താഴെ കൈകുഞ്ഞുമായി ഇരിക്കുന്ന സ്ത്രീ ചെറിയ കഷ്ണം കടലാസ് വീശിക്കൊണ്ട് എന്തൊക്കൊയോ പിറുപിറുക്കുന്നു.ഉച്ചവെയിലു ളളതിനാലാകാം തെളിയാത്ത ലൈറ്റുകളെ കുറിച്ച് ആർക്കും പരാതിയുമില്ല.അല്ലെങ്കിൽ തന്നെ ഉള്ളിലെ ദൈന്യതകൾ കൊണ്ട് മുഖം ഇരുണ്ടുമൂടിയവർക്ക് പുറത്ത് ലൈറ്റ് തെളിഞ്ഞാലെന്ത്,ഇല്ലെങ്കിലെന്ത് ..?
വാതിൽക്കലേക്ക് നീങ്ങാമെന്ന് നോക്കിയാൽ കാല് കുത്താനിടമില്ലാത്ത നിലയിൽ തിങ്ങിനിറഞ്ഞിരിക്കുന്ന മനുഷ്യർ.കൂടുതലും അന്യസംസഥാന തൊഴിലാളികൾ. മൂന്നുപേർക്കിരിക്കാവുന്ന നീളൻ സീറ്റിൽ അഞ്ചും ആറും പേരിരിക്കുന്നു.തങ്ങൾ റിസർവ് ചെയ്ത ഇരിപ്പിടങ്ങളിൽ അഭയാർഥികളായി കൂടിയവരെ ഉൾക്കൊള്ളാൻ തയ്യാറല്ല മിക്കവരും.
സീറ്റുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ ബാഗുകൾ അടുക്കി അതിനുമുകളിലും, സാധനങ്ങൾ നിറച്ച് നാട്ടിലേക്ക് കരുതിയ പെയിന്റ് പാട്ടകൾക്കു മുകളിലുമിരിക്കുന്നു ചിലർ.യാത്രക്കാരിലധികവും അതിഥി തൊഴിലാളികളാണ്.ചെറു പ്രായത്തിൽ കുടുംബത്തെ പോറ്റാൻ ഇറങ്ങിയവർ മുതൽ കൂടും കുടുംബവുമായി ഇറങ്ങിത്തിരിച്ച വർ വരെ. മുഷിഞ്ഞ ഷർട്ടിന്റെ കീശയിൽ മടക്കി തിരുകിയ തീവണ്ടി ടിക്കറ്റിനൊപ്പം പാൻമസാല പായ്ക്കറ്റും കാണാം.ജനറൽ ടിക്കറ്റാണ്. അവിടെ കാലുകുത്താൻ ഇടമില്ലാത്തതുകൊണ്ട് സ്ലീപ്പർ കോച്ചുകളിൽ കയറിക്കൂടിയവർ. സീറ്റ് റിസർവ് ചെയ്യാത്തതെന്തെന്ന് ചോദിച്ചാൽ പുകയില കറ പിടിച്ച പല്ലുകൾ കാട്ടിയുള്ള ചിരി മാത്രം.ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന രീതിയിൽ!
ഓരോ സ്റ്റേഷനുകളിൽ നിന്നും സ്ളീപ്പർ കോച്ചുകളിൽ നിയന്ത്രണമില്ലാതെ ആളുകൾ കയറുന്നു. ആരോക്കെ എവിടെനിന്നു കയറുന്നു എവിടേക്ക് പോകുന്നു എന്നതിനൊന്നും യാതൊരു കണക്കുമില്ല.എല്ലാം കേരളത്തിലേക്ക് ആണെന്നു മാത്രം അറിയാം.കൈകുഞ്ഞുമായിരിക്കുന്ന അമ്മമാർ, സ്ത്രീകൾ, കുട്ടികൾ… എന്ത് സുരക്ഷയാണ് ഈ യാത്രകളിൽ അവർക്ക്.
വിസർജ്യത്തിന്റെയും വിയർപ്പിന്റെയും ഗന്ധം തങ്ങിനിൽക്കുന്ന അഴുക്കുനിറഞ്ഞ ശുചിമുറിക്ക് പുറത്തുപോലും യാത്രക്കാർ കൂട്ടം കൂടി ഇരിക്കുന്നു.ക്ളോസറ്റിലെ കാര്യം പറയുന്നില്ല. വാഷ് ബേസിൻ നിറയെ മുറിക്കി തുപ്പിയ ചുവന്ന കറയും പാൻ മസാലയുടെ കവറുകളും. പൈപ്പിലൂടെ വെളളം ഇറ്റി വീഴുന്നു. അറപ്പ് തോന്നുന്ന, അത്രക്കും മലിനമായ ഇടത്തുപോലും മനുഷ്യർ കിടക്കുകയും ഇരിക്കുകയും ചെയ്യുന്നു. വഴിയിലെ സ്റ്റേഷനുകളിൽ നിന്നും ചെറുകിട കച്ചവടക്കാർ കയറുന്നു. അവർ ചായയും സമൂസയും കക്കിരിയും മാത്രമല്ല സിഗററ്റും പാൻ മസാലയും വണ്ടിക്കുളളിൽ വിൽക്കുന്നു. സീറ്റുകളിൽ കുത്തിനിറഞ്ഞിരിക്കുന്നവർക്കു മാത്രമല്ല ശുചിമുറിയുടെ ഓരം ചേർന്നിരിക്കുന്നവർക്കും ടിക്കറ്റ് പരിശോധകർ ടിക്കറ്റ് എഴുതി നൽകുന്നു.
രാത്രിയിൽ ഒരു സീറ്റിൽ രണ്ടും മുന്നും മനുഷ്യർ ഒന്നിനു മുകളിൽ ഒന്നായി ചരിഞ്ഞു കിടന്നു, ഇടവഴിയിലും ശുചിമുറിയുടെ വശങ്ങളിലുമായി മനുഷ്യർ പരന്നു കിടന്നുറങ്ങി. ചിലർ സീറ്റുകളുടെ ഓരങ്ങളിൽ ചാരിയിരുന്നു മയങ്ങി. ഒഴിഞ്ഞ കോച്ചിനുളളിൽ തെറ്റിയും തെറിച്ചും പലയിടത്തായി ചിതറി കിടക്കുന്ന ഒറ്റ ചെരുപ്പുകൾ, പഴകിയ ആഹാര അവശിഷ്ടങ്ങൾ, പാൻ മസലയുടെ കവറുകൾ, ഭക്ഷണ പൊതിഞ്ഞ കടലാസുകൾ, ഇതിനിടയിൽ ബാക്കി വന്ന കുറച്ചു മനുഷ്യരും.
ഇത് ഒരു തീവണ്ടിയുടെ മാത്രം വിധിയല്ല.വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിലേക്ക് വരുന്ന ഒട്ടുമിക്ക വണ്ടികളിലെ കാഴ്ചകളും ഏതാണ്ട് ഇതൊക്കെ തന്നെ. ഇതേ തീവണ്ടികളിലെ എ.സി കോച്ചുകളുടെ കാര്യം മാത്രം എന്തുകൊണ്ട് വ്യത്യസ്തമാകുന്നു ? റിസർവേഷൻ ഇല്ലാത്ത ആരെയും എ.സി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. ടിക്കറ്റില്ലാത്തവരെ ജനറാ കോച്ചുകളിലേക്ക് ടിക്കറ്റ് പരിശോധകർ പറഞ്ഞുവിടും. കോച്ചും ശൗചാലയങ്ങളും ഇടവേളകളിൽ വൃത്തിയാക്കാൻ തൊഴിലാളികൾ. വഴിയോര കച്ചവടക്കാർക്കും ആ ചില്ലുകൂട്ടിലേക്ക് പ്രവേശനമില്ല. മധ്യവർഗവും അതിനുമുകളിലുളളവരും സുഖമായി യാത്ര ചെയ്യുന്നു. ഉയർന്ന പണം നൽകി എ.സി കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാത്തവർ ആശ്രയിക്കുന്ന സ്ലീപ്പർ ക്ളാസ്സുകളിൽ നൽകുന്ന പണത്തിനുളള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല. രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ വലിയ നിരക്കുള്ള അതിവേഗ തീവണ്ടികളിറക്കാൻ മത്സരിക്കുന്നു. എ.സി കോച്ചുകൾ മാത്രമുള്ള വണ്ടികളിലെ ഉയർന്ന യാത്രാ നിരക്ക് വലിയ വിഭാഗം മനുഷ്യർക്കും താങ്ങാവുന്നതല്ല. സ്വന്തം നാടും വീടും കുടുംബവും വിട്ട് അന്യസംസ്ഥാനങ്ങളിൽ പോയി ചെറിയ തൊഴിലെടുക്കുന്ന സാധാരണക്കാർ സ്ളീപ്പർ ക്ലാസാണ് ഇന്നും ആശ്രയിക്കുന്നത്. ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതിനാലാണ് സ്ളീപ്പർ കോച്ചുകളിലടക്കം ജനം കുമിഞ്ഞു കൂടുന്നത്. പണം ഉളളവന് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുയും, പാവപ്പെട്ടവന്റെ അവകാശങ്ങൾക്കുമേൽ കത്തിവെയ്ക്കുകയുമാണ് ഭരണകൂടം. മഴയത്ത് ചോരുന്ന കോച്ചുകളുടെ ഓട്ടയടക്കാതെ വന്ദേഭാരതിന്റെ നിറം മാറ്റിയിട്ട് എന്താണ് ഗുണം ?