Lead NewsNEWS

നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല: കെ.സുരേന്ദ്രൻ

തൊടുപുഴ: രാജ്യത്തിന്റെ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

അബ്ദുൾ നാസർ മദനിയെ പുറത്തിറക്കാൻ പ്രമേയം പാസാക്കിയവരാണ് ഇവരെന്നും തൊടുപുഴയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിയമസഭ എന്നത് ഇടതു-വലതു മുന്നണികളുടെ സ്വാർത്ഥത പ്രകടിപ്പിക്കാനുള്ള കേന്ദ്രമായി മാറി. നിയമസഭയെ ദുരുപയോ​ഗം ചെയ്യുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ.

Signature-ad

വാ​ഗമണിലെ മയക്കുമരുന്ന് നിശാ ക്യാമ്പിനെ കുറിച്ച് സമ​ഗ്രമായ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്തർദേശീയ മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഈ കേസിൽ അടിമുടി ദുരൂഹതയുണ്ട്. ഇതിൽ സമ​ഗ്രമായ അന്വേഷണം വേണം. സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാൻ എന്താണ് പൊലീസ് തയ്യാറാവാത്തത്. പൊലീസിന് അന്വേഷിക്കാൻ സംവിധാനമില്ലെങ്കിൽ നാർക്കോട്ടിക്ക് സെല്ലിന് കേസ് കൈമാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കർഷകന് സ്വന്തം ഉത്പന്നം നല്ല വിലയ്ക്ക് വിൽക്കാനാവുമെന്നതാണ് കർഷക നിയമത്തിന്റെ സവിശഷത. എന്നാൽ ഇത് അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എപിഎംസിയും മണ്ഡികളും നല്ലതെങ്കിൽ പിന്നെന്താണ് കേരളത്തിൽ അത് നടപ്പിലാക്കാത്തതെന്ന് സുരേന്ദ്രൻ ചോദിച്ചു. സംസ്ഥാനത്ത് ഭരണകക്ഷിയും പ്രതിപക്ഷവും ഒന്നായി മാറുന്ന വിചിത്രമായ കാഴ്ചയാണുള്ളത്. ജനങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ കടമയുള്ള പ്രതിപക്ഷം ഇവിടെ ഭരണപക്ഷത്തിനൊപ്പം ചേർന്ന് ഭരിക്കുകയാണ്. എൽഡിഎഫ് സർക്കാരിനെതിരായ വികാരം പ്രകടിപ്പിക്കാൻ ജനങ്ങൾ വോട്ട് ചെയ്ത പ്രതിപക്ഷം അധികാരത്തിന് വേണ്ടി ജനവിധി അട്ടിമറിക്കുകയാണ്. സംസ്ഥാനത്ത് പല സ്ഥലത്തും എൽഡിഎഫ്- യുഡിഎഫ്- എസ്ഡിപിഐ സഖ്യമാണുള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Back to top button
error: