Breaking NewsLead NewsNEWSWorld

‘എനിക്ക് ലജ്ജ തോന്നുന്നു, ഇങ്ങനെ ലോകത്തിനു മുന്നിൽ കൈ നീട്ടേണ്ടി വരുന്നതിൽ!! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായം ചോദിക്കുമ്പോൾ എൻ്റെയും അസിമിന്റേയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ട്, സഹായം നൽകുന്ന രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാൻ സാധിക്കാത്ത വിധം വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുന്നു’- പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടിവരുന്ന അവസ്ഥയിൽ അങ്ങേയറ്റം ലജ്ജ തോന്നുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പകൾ തേടുന്നത് ആത്മാഭിമാനത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്. പലരോടും സഹായം ചോദിക്കുമ്പോൾ തൻ്റെയും ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ശനിയാഴ്ച ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി വെളിപ്പെടുത്തൽ നടത്തിയത്.

അതുപോലെ സഹായം നൽകുന്ന രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാൻ സാധിക്കാത്ത വിധം തങ്ങൾ വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുന്നുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. 2008- മുതൽ പാക്കിസ്ഥാൻ്റെ സാമ്പത്തികനില വളരെ പരിതാപകരമായ നിലയിലാണ്. 2021-ൽ പണപ്പെരുപ്പം കൂടുകയും രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നിലവിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും അതിൽ സുഹൃദ് രാജ്യങ്ങളിൽനിന്നുള്ള കടങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ കൊടുത്തുതീർക്കാനുള്ള കടം സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) പാക്കിസ്ഥാൻ ചർച്ച നടത്തിവരികയാണ്.

Signature-ad

വായ്പാ പദ്ധതിയുടെയും കാലാവസ്ഥാ ധനസഹായത്തിന്റെയും ഭാഗമായി പാക്കിസ്ഥാന് അടുത്തിടെ 1.2 ബില്യൺ ഡോളർ ഐഎംഎഫിൽ നിന്ന് ലഭിച്ചിരുന്നു. പഴയ കടങ്ങൾ വീട്ടുന്നതിനും വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനും ഈ തുക സഹായകമായിട്ടുണ്ട്. അതേസമയം വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി മൂലധന ലഭ്യത ഉറപ്പാക്കാൻ ധനമന്ത്രാലയത്തിനും സെൻട്രൽ ബാങ്കിനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ബിസിനസ് രംഗത്തെ പ്രമുഖരുടെ നിർദേശങ്ങൾ കേൾക്കാനും ധീരമായ തീരുമാനങ്ങൾ എടുക്കാനും സ്റ്റേറ്റ് ബാങ്ക് ഗവർണർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം നിലവിൽ പണപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നതിനാൽ പലിശ നിരക്ക് 10.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുകയാണ്. വരുന്ന സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന്റെ ജിഡിപി 3.75 ശതമാനം മുതൽ 4.75 ശതമാനം വരെ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷം ഡിസംബറോടെ പാക് വിദേശനാണ്യ ശേഖരം 20 ബില്യൺ ഡോളർ എന്ന റെക്കോർഡ് നിലയിലേക്ക് എത്തുമെന്നാണ് സെൻട്രൽ ബാങ്കിൻ്റെ കണക്കുകൂട്ടൽ. അതേസമയം, ഐഎംഎഫ് പദ്ധതിയുടെ ഭാഗമായി കർശനമായ പണനയവും ചെലവ് നിയന്ത്രണങ്ങളും രാജ്യം പാലിക്കണം.

ധനമന്ത്രി മുഹമ്മദ് ഔറംഗസീബിന്റെ നേതൃത്വത്തിലുള്ള സംഘം ഐഎംഎഫിന് മുന്നിൽ സർക്കാരിൻ്റെ വാദങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്ത് സാമ്പത്തിക സ്ഥിരത കൈവരിച്ച സാഹചര്യത്തിൽ ഇനി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും ഷെരീഫ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: