Breaking NewsLead NewsNEWSWorld

അമേരിക്കൻ സൈനിക നടപടിയേക്കാൾ കരാർ ഉണ്ടാക്കാനാണ് ഇറാന് താൽപ്പര്യം- ട്രംപ്!! ഉപാധികൾ വച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ല, ഇറാൻ മിസൈൽ–പ്രതിരോധ സംവിധാനങ്ങൾ അടിയറവ് വെക്കില്ല, പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണമാകാം- അബ്ബാസ് അറാഘ്ചി

വാഷിങ്ടൺ: അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിനേക്കാൾ കരാർ ഉണ്ടാക്കാനാണ് ഇറാൻ താൽപ്പര്യപ്പെടുന്നതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖലയിലേക്ക് യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. “ഇത് ഞാൻ ഉറപ്പോടെ പറയാം, അവർക്ക് ഒരു കരാർ വേണം,” അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കായി സമയം കുറഞ്ഞുവരികയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ യു.എസ്. നാവികസേന ഇറാനിന് സമീപം സജ്ജീകരിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പുതിയ പരാമർശമെത്തിയത്.

Signature-ad

അതേസമയം, ഇറാൻ തന്റെ മിസൈൽ, പ്രതിരോധ സംവിധാനങ്ങൾ അടിയറവ് വച്ചുള്ള ചർച്ചയ്ക്ക് ഒരിക്കലും വിധേയമാകില്ലെന്ന നിലപാട് ആവർത്തിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി. നിലവിൽ യുഎസുമായി ഔദ്യോഗിക ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെങ്കിലും പരസ്പര ബഹുമാനവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സംഭാഷണങ്ങൾക്ക് തെഹ്റാൻ തയ്യാറാണെന്ന് അബ്ബാസ് അറാഘ്ചി പറഞ്ഞു.

ഇതിനിടെ, ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതായി ക്രെംലിൻ അറിയിച്ചു. മിഡിൽ ഈസ്റ്റും അന്താരാഷ്ട്ര വിഷയങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ചയായതായി റഷ്യൻ വാർത്താ ഏജൻസി റിയാ-നോവോസ്റ്റി റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായും സമാധാനപരമാണെന്നും ആണവായുധ വികസനം ലക്ഷ്യമിടുന്നു എന്ന യുഎസും അതിന്റെ സഖ്യകക്ഷികളും ഉന്നയിക്കുന്ന ആരോപണങ്ങൾ തെഹ്റാൻ വീണ്ടും നിഷേധിച്ചു. അതേസമയം കരാർ ഉണ്ടാക്കാൻ ഇറാനിന് സമയപരിധി നൽകിയിട്ടുണ്ടോയെന്ന ചോദ്യം ട്രംപ് ഒഴിവാക്കി. അത് അവർക്ക് മാത്രമേ അറിയൂ എന്നായിരുന്നു മറുപടി. “കരാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉണ്ടായാൽ നല്ലത്. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം,” അദ്ദേഹം പറഞ്ഞു.

ഒരു വലിയ “ആർമാഡ” മേഖലയിലേക്ക് നീങ്ങുകയാണെന്നും പിൻവലിക്കൽ സമയക്രമം വ്യക്തമല്ലെന്നും ട്രംപ് പറഞ്ഞു. “അവർ എവിടെയെങ്കിലും പൊങ്ങിക്കിടക്കണം; അതിനാൽ ഇറാനിനടുത്തായാൽ മതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്താംബൂളിൽ തുർക്കി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചകൾക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, ന്യായവും നീതിയുമുള്ള ചർച്ചകൾക്കായി തയ്യാറെടുപ്പുകൾ ആവശ്യമാണ് എന്ന് അറാഘ്ചി പറഞ്ഞു. യുഎസ് നടപടി ഒഴിവാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: