
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ രംഗത്ത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് തന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരെന്നു സി.ജെ. ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നാണു സി.ജെ. ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ. ബാബു മാധ്യമങ്ങളോടു പറഞ്ഞു.
റോയ് യുടെ മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും സഹോദരൻ വെളിപ്പെടുത്തി. ‘‘നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) 7 മണിക്കു കാണാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല… കുടുംബത്തെ കണ്ട ശേഷം നിയമനപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും’’ – സി.ജെ.ബാബു പറഞ്ഞു.
ഇതിനിടെ ഓഫിസിൽ റോയിയെ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചെന്നും ആ സമ്മർദത്തിലാണ് ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു റോയ് യെ സ്വയം വെടിവെച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.






