ദുബായില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍; റോയ് അടക്കം പലരെയും ചോദ്യം ചെയ്തു; ബംഗളുരു ടീമിനെ ഒഴിവാക്കി റെയ്ഡ് നടത്തിയത് കൊച്ചി സംഘം; പ്രതിസന്ധികള്‍ പുല്ലുപോലെ മറികടന്ന റോയിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കാന്‍ വിയര്‍ക്കും

ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ റോയിക്കു പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണവും വ്യക്തമല്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല.
ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെയായിരുന്നു കണ്ടത്. ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായിലൊരു വമ്പന്‍ പാര്‍ട്ടി റോയ് സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും നിരീക്ഷണത്തില്‍ ആക്കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിര്‍മാണത്തിനു കാത്തിരുന്നവര്‍ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലായി. കേരളത്തിലെ പദ്ധതികള്‍ക്കു വേണ്ടി ദുബായില്‍നിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങളും റോയ് നടത്തിയിരുന്നു.

റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത് ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമാണെന്ന് സഹോദരന് സി.ജെ. ബാബു ആരോപിക്കുന്നു. ഓഫിസില്‍ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയതിനെത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നും ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം.
കഴിഞ്ഞ മൂന്നു ദിവസമായി വിവിധ ഓഫീസുകളില്‍ റെയ്ഡ് തുടരുകയായിരുന്നു. നോട്ടീസ് നല്കി റോയിയെ ദുബായില്‍നിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് സ്വയം നിറയൊഴിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടര്‍ന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്ലറ്റ് ട്രൈബ്യൂണലിലും കര്‍ണാടക ഹൈക്കോടതിയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.
വന്‍ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രമുള്ള റോയി, കേവലം ഒരു മണിക്കൂര്‍ നേരെത്തെ ചോദ്യം ചെയ്യലിനു ശേഷം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ആദായ നികുതി വകുപ്പ് വിശദീകരിക്കേണ്ടി വരും. ആദായ നികുതി റെയ്ഡുകള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇതോടെ കനക്കും. സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ബെംഗളൂരുവില്‍ നടക്കും. രാവിലെ സഹോദരന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വച്ച് ശേഷമാകും സംസ്കരിക്കുക. സംഭവത്തില്‍ കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
തെക്കെ ഇന്ത്യയിലും ദുബൈയിലും സാന്നിധ്യമുള്ള ശതകോടികള്‍ ആസ്തിയുള്ള നിര്‍മാണ കമ്പനി ഉടമ. കൊച്ചിയില്‍ എളിയ നിലയില്‍ തുടങ്ങി ബെംഗളുരു നഗരത്തിന്റെ മുഖഛായ മാറ്റുന്നതില്‍ മുന്നില്‍ നിന്നവരില്‍ ഒരാളെന്ന ഖ്യാതിയുള്ള ബില്‍ഡര്‍. ഇങ്ങനെയുള്ള സി.ജെ. റോയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഭയന്ന് ആത്മഹത്യ ചെയ്യുമോയെന്നാണ് അടുപ്പക്കാരും സുഹൃത്തുക്കളും ചോദിക്കുന്നത്. മനസിന്റെ പിടിവിട്ടു പോകാന്‍ മാത്രം ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഉണ്ടായത് എന്താണെന് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ വിശദീകരിക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.
പേരുദോഷം കേള്‍പ്പിക്കാത്ത വ്യവസായി ആയിരുന്നു റോയി എന്ന് എടുത്തു പറഞ്ഞ കര്‍ണാടക ഉപമുഖ്യ മന്ത്രി ഡി.കെ. ശിവകുമാര്‍ ആരോപണങ്ങള്‍ കേന്ദ്രത്തിനെതിരെ തിരിച്ചു കഴിഞ്ഞു. കേസ് അന്വേഷിക്കുന്ന ബെംഗളുരു സെന്‍ട്രല്‍ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവിലെത്തിയ റോയിയുടെ കുടുംബം പരാതി നല്‍കുന്നതടക്കമുള്ള നടപടികള്‍ മുന്നോട്ടു പോകും. റെയ്ഡിനിടെ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് ജീവനക്കാര്‍ മൊഴി നല്കിയതും കേസില്‍ നിര്‍ണായകമാണ്.






