സമ്മര്‍ദമില്ലെന്ന് റോയ് എഴുതി നല്‍കി; പരിശോധന നിയമപരം; മൊഴി രേഖപ്പെടുത്തിയത് സാക്ഷിയുടെ സാന്നിധ്യത്തില്‍; വിശദീകരണവുമായി ആദായനികുതി വകുപ്പ്; ഡയറി കസ്റ്റഡിയില്‍ എടുത്ത് അന്വേഷണ സംഘം

ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി ആദായനികുതിവകുപ്പ്. പരിശോധനയും നടപടികളും നിയമപരമാണ്. ഏത് അന്വേഷണമായും സഹകരിക്കും. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. സമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത് എന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു
അതേസമയം സി.ജെ.റോയിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്തേണ്ടതിനാല്‍ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. .
സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് കര്‍ണാടക പൊലീസിന്റെ നീക്കം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വിപുലമായ പരിശോധന നടക്കും. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി. ജെ. ജോസഫ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ റോയ് സ്വന്തം മുറിയിലേക്ക് പോയെന്നും സ്വയം വെടിയുതിര്‍ത്തത് വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണെന്നും ജോസഫ് പറഞ്ഞു.
ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നങ്ങളോ കടമോ സി.ജെ.റോയിക്കില്ലെന്ന് സഹോദരന്‍ സി.ജെ.ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. 28 മുതല്‍ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം ഉണ്ടായി. നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു.






