‘എച്ചൂസ് മീ’ നിങ്ങള്‍ക്ക് ആള് മാറീന്നാ തോന്നുന്നെ! ‘പേട്ട ജയന്’ വച്ചത് ‘സിലോണ്‍ ജയന്’ കൊണ്ടു
കൊച്ചി: സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രസംഗിച്ച നടന്‍ ജയസൂര്യയെ പിന്തുണച്ചും എതിര്‍ത്തുമുള്ള സൈബര്‍ യുദ്ധം ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ സോഷ്യല്‍ മീഡിയ പേജുകളിലേക്കും. ട്രോള്‍ സ്വഭാവത്തിലുള്ള മലയാളം കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഒരുകാലത്ത് തീപ്പൊരി ബാറ്റിങ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച ജയസൂര്യയുടെ ഫെയ്സ് ബുക്കിലെ പോസ്റ്റുകള്‍.
ഇടതുപക്ഷവും സംഘപരിവാര്‍ അനുകൂലികളും പരസ്പരം ട്രോളാനായി ശ്രീലങ്കന്‍ ജയസൂര്യയുടെ പേജിനെ ഉപയോഗപ്പെടുത്തുകയാണ്. സി.പി.എം. അനുകൂല സൈബര്‍ പ്രൊഫൈലായ പോരാളി ഷാജിയുടെ അപരന്‍ വരെ കമന്റുമായെത്തി. ‘നിന്റെ മാത്രമല്ല ബാറ്റിലെ സ്പ്രിങ്ങും ഞങ്ങള്‍ ഊരും, നിന്റെ പുറമ്പോക്കിലെ പശുത്തൊഴുത്ത് അടക്കം ഞങ്ങള്‍ അളന്ന് തരാമെടാ’ എന്നാണ് ഭീഷണി.
‘മാപ്പു പറഞ്ഞേക്ക് ഭായ് ഇല്ലേല്‍ സിനിമ ഞങ്ങള്‍ ബഹിഷ്‌കരിക്കും’ എന്നും ‘നീ ഇനി കേരളത്തില്‍ കാലുകുത്തില്ല’ തുടങ്ങിയ കമന്റുകളുമുണ്ട്. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചിടും’ എന്ന വിവാദമായ തിരുവാതിരപ്പാട്ടിന്റെ വരികളും ചിലര്‍ കുറിച്ചു. ഇതിന് മറുപടിയെന്നോണം ‘സംഘം കാവലുണ്ട്’, ‘ജയ് സംഘശക്തി’ തുടങ്ങിയവയാണ് മറ്റു ചില കമന്റുകള്‍.
മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസം പറഞ്ഞതു വന്‍ വിവാദങ്ങള്‍ക്കു വഴി തുറന്നിരുന്നു. കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. നടനു മറുപടിയുമായി മന്ത്രിമാരും രംഗത്തെത്തി. കളമശേരിയിലെ കാര്‍ഷികമേളയുടെ വേദിയിലാണു നെല്‍കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ ജയസൂര്യ ചൂണ്ടിക്കാട്ടിയത്.
വാക്കുകളില്‍ ഉറച്ചുനിന്ന ജയസൂര്യ കൂടുതല്‍ പ്രതികരണങ്ങള്‍ക്കു തയാറായില്ല. തന്റേതു കര്‍ഷക പക്ഷമാണെന്നും ഒരു രാഷ്ട്രീയവുമില്ലെന്നും ജയസൂര്യ പറഞ്ഞു. ”എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ഞാന്‍ കൃഷികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കര്‍ഷകര്‍ക്കു കിട്ടിയില്ല എന്ന് അദ്ദേഹം പറഞ്ഞാണു ഞാനറിയുന്നത്. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കണം എന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു.”
”കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവിറക്കി കൊയ്‌തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി എനിക്കു തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയില്‍ എത്തിയിട്ടുണ്ടാകില്ലേ ?. എന്നിട്ടും എന്താണു പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത് ? നമ്മളെ ഊട്ടുന്നവര്‍ക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.” നടന്‍ ജയസൂര്യ പ്രതികരിച്ചു.