Lead NewsNEWS

ബി.ജെ.പിക്ക് കൂടുതൽ സീറ്റ്: കാസര്‍കോട് ഡി.സി.സിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിമാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു

കാഞ്ഞങ്ങാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കലാപം രൂക്ഷം.നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാസര്‍കോട് ഡി.സി.സിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാര്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്തയച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, എം. അസൈനാര്‍, ബി. സുബ്ബയറായ്, ബാലകൃഷ്ണന്‍ പെരിയ എന്നിവര്‍ ഒരുമിച്ചാണ് ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിക്ക് കത്തെഴുതിയത്. കെ.പി.സി.സി നിര്‍വാഹകസമിതിയംഗങ്ങളായ പി.കെ ഫൈസല്‍, കെ.വി ഗംഗാധരന്‍, അഡ്വ. കെ.കെ നാരായണന്‍ എന്നിവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് ബഹുദൂരം പിറകിലായെന്നും ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിനെ ബി.ജെ.പി മറികടന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 135 വാര്‍ഡുകള്‍ കിട്ടിയപ്പോള്‍ ബി.ജെ.പിക്ക് 143 വാര്‍ഡുകള്‍ ലഭിച്ചു. ഇത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയെന്നും ഡി.സി.സി പ്രസിഡണ്ടിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കാസര്‍കോട് ലോക്സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ 40,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഡി.സി.സി യോഗത്തിലും ഡി.സി.സി പ്രസിഡണ്ടിനെ കുറ്റപ്പെടുത്തിയാണ് കെ.പി.സി.സി സെക്രട്ടറിമാരും പ്രധാനപ്പെട്ട മറ്റു ചില നേതാക്കളും സംസാരിച്ചത്.

Signature-ad

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി സെക്രട്ടറിമാരെ വിളിച്ച് രഹസ്യമായി അഭിപ്രായം ആരായുകയും ചെയ്തിരുന്നു.

Back to top button
error: