KeralaNEWS

ഓണത്തിന്റെ നിറം കെടുത്താൻ ബിജെപി, യുഡിഎഫ് ശ്രമം; കൈയ്യടി നേടി ധനമന്ത്രി കെ എൻ ബാലഗോപാൽ

ണാഘോഷത്തിൻ്റെ ഹൈലൈറ്റ് ആയ ഓണസദ്യ ഉണ്ണുന്നതിന് മുൻപ് ഒരാളെ ഓർക്കാതിരിക്കാൻ കഴിയുന്നില്ല. മറ്റാരുമല്ല, കെ എൻ ബാലഗോപാൽ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കേരളത്തിൻ്റെ ധനവകുപ്പ് മന്ത്രിയുമായ സഖാവ്.
സമാനതകളില്ലാത്ത രീതിയിൽ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ വേട്ടയാടുമ്പോൾ,  സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ പല മാർഗങ്ങൾ ഉപയോഗിച്ച് ദുർബലപ്പെടുത്തുമ്പോൾ, കേരളത്തിൻ്റെ  തനത് വരുമാനവര്‍ധനവ് ഉറപ്പ് വരുത്തി, ഓണാഘോഷപ്പൊലിമകൾക്ക് മാറ്റ് കൂട്ടാൻ കഴിഞ്ഞ സാമ്പത്തിക കൈയ്യടക്കത്തെയും മികവിനെയും അഭിനന്ദിക്കാതെ വയ്യ.
2022-23 സാമ്പത്തിക വര്‍ഷത്തെ തനത് വരുമാനമായി ലഭിച്ചത് 70,000 കോടി രൂപയാണെന്ന് അക്കൗണ്ടന്‍റ് ജനറല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2020-21 കാലത്തുണ്ടായിരുന്ന 47,157 കോടിയില്‍ നിന്നുമാണ് അമ്പത് ശതമാനത്തിനടുത്തുള്ള ഈ വര്‍ധനവ് ഉണ്ടാക്കിയത്. ധനമേഖലയുടെ കരുത്തായി നില്‍ക്കുന്ന മൂന്ന് ശ്രേണിയിലും കേരളം മുന്നില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ധനക്കമ്മി 2.2 ശതമാനമായിരുന്നു. റവന്യു കമ്മിയാവട്ടെ 0.67 ശതമാനവും.  നേരത്തെ ഇത് 2.6 ശതമാനം വരെ ഉയര്‍ന്നിരുന്നു എന്നതും കാണേണ്ടതുണ്ട്.
ഈ കാലയളവില്‍ ജി എസ് ടി വകുപ്പ് പുനസംഘടിപ്പിക്കാനും നികുതി വരുമാനം വര്‍ധിപ്പിക്കാനും ബാലഗോപാലിന് സാധിച്ചു. അതോടൊപ്പം  നികുതി വെട്ടിപ്പ് തടയാനുള്ള നടപടികളും കൈക്കൊണ്ടു. വെറും ആറുമാസം കൊണ്ട് നികുതി വെട്ടിപ്പുകാരില്‍ നിന്ന് 1000 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്.
ജിഎസ്‌ടി മുൻവർഷത്തെ 7827 കോടിയിൽനിന്ന്‌ 9808 കോടി രൂപയായി വര്‍ധിച്ചു. നികുതിയേതര വരുമാനത്തിൽ 2559 കോടിയുടെ വർധനയുണ്ട്‌. കഴിഞ്ഞവർഷത്തെ 616 കോടി, ഇത്തവണ 3175 കോടി രൂപയാക്കി ഉയര്‍ത്തി.
കേന്ദ്ര സര്‍ക്കാര്‍ ശ്വാസം മുട്ടിച്ചിട്ടും സംസ്ഥാനത്തിന്റെ പൊതുചെലവിൽ ഒരു കുറവും വരുത്തിയില്ല. മൂലധനച്ചെലവ്‌ ഉയർത്തുകയും ചെയ്തു. കഴിഞ്ഞവർഷം ആദ്യപാദ റവന്യു ചെലവ്‌ 15,400 കോടിയായിരുന്നു. ഈവർഷം അത് 11,457 കോടിയാണ്. ശമ്പളച്ചെലവിൽ 333 കോടി രൂപ വർധിച്ചു. പെൻഷനിലും 146 കോടി അധികം ചിലവായി.
പലിശ ബാധ്യതയിൽ ആദ്യപാദത്തിൽ 211 കോടി രൂപ കുറക്കാനായി.   സബ്‌സിഡികൾക്കായി ആദ്യമാസങ്ങളിൽ 112 കോടി രൂപ ചെലവിട്ടു. ഓണക്കാലത്ത് നൽകിയ കരുതലിൻ്റെ ഭാഗമായി കൂടുതൽ സബ്‌സിഡി ചെലവ്‌ ഉണ്ടാവും.
558 കോടി രൂപയുടെ അധിക മൂലധന നിക്ഷേപമുണ്ടായി. കഴിഞ്ഞവർഷം മൂന്നുമാസത്തിൽ 2488 കോടിയായിരുന്നു. ഈവർഷം 3046 കോടിയായി വര്‍ധിച്ചു. വായ്‌പാ തിരിച്ചടവും ഉയർന്നു. കഴിഞ്ഞവർഷം വായ്പ തിരിച്ചടച്ചത് 627 കോടി രൂപയാണ്. ഈവർഷം 799 കോടി രൂപ തിരിച്ചടച്ചു.
ഇത്തരം നടപടികളിലൂടെ കേരളത്തിലെ ജനജീവിതത്തിലും ഓണമടക്കമുള്ള  ആഘോഷങ്ങളിലും നിറവുണ്ടാക്കാൻ വേണ്ടി ബാലഗോപാലും ധനവകുപ്പും ഭഗീരഥ പ്രയത്നം നടത്തുമ്പോൾ, കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കുക തന്നെയാണ്.
ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തി കൊണ്ട് കേരളത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട വിഹിതമാണ് കേന്ദ്രം വെട്ടികുറച്ചത്. റവന്യുകമ്മി ഗ്രാന്‍റില്‍ നടപ്പുവര്‍ഷം 8400 കോടി രൂപയുടെ കുറവാണുണ്ടായത്. 12000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയ കേന്ദ്ര നടപടിയിലൂടെ ഉണ്ടായത്. സംസ്ഥാനത്തിന്‍റെ വായ്പാപരിധിയിലും കുറവുവരുത്തി. 3.5 ശതമാനമായിരുന്ന വായ്പാപരിധി ഇപ്പോള്‍ 2.2 ശതമാനം മാത്രമാണ്. പത്താം ധന കമ്മീഷന്‍ കേരളത്തിന് ശുപാര്‍ശ ചെയ്ത നികുതിവിഹിതം 3.875 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോഴത് വെറും 1.93 ശതമാനമായി കുറച്ചിരിക്കുന്നു. കേരളത്തിന്‍റെ വിഹിതത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തത് 777 കോടി രൂപയാണ്.
ഇത്തരം വൃത്തികെട്ട നീക്കങ്ങൾ നടത്തുമ്പോൾ, ബിജെപിയും കേന്ദ്രസർക്കാരും കേരളത്തിൻ്റെ ഓണത്തെ പട്ടിണിയിൽ ആക്കണമെന്ന് ലക്ഷ്യമിട്ടിരുന്നു. വരുതിയാൽ നിറംകെട്ട ഓണം മലയാളികളിൽ ഉണ്ടാക്കുന്ന അതൃപ്തിയെ രാഷ്ട്രീയമായി മുതലെടുക്കാമെന്ന് ബിജെപി കണക്കുകൂട്ടി. വിലകുറഞ്ഞ ആ നീക്കത്തിന് യുഡിഎഫ് കൂട്ടുനിന്നു.
ഓണമെന്ന മിത്തും മഹാബലിയുടെ ഓർമകളും നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ബിജെപിക്കാർ. “പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച ബ്രാഹ്മണർക്ക് കൈമാറി”യെന്ന മിത്തിന് അംഗീകാരം വേണമെന്നും അതിൽ മഹാബലി പാടില്ലെന്നും ആർ എസ് എസ് – ബിജെപി സംഘപരിവാരം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവർ വാമന ജയന്തിയുമായി നിൽക്കുന്നത്. സാമ്പത്തികമായി ആക്രമിച്ച് കേരളത്തിൻ്റെ പൊന്നോണത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
കേരളത്തിന്റെ ഓണത്തെ, മഹാബലിയുടെ മാവേലിനാടെന്ന മിത്തിനെ നിറവുള്ളതാക്കാൻ, ധനതത്വശാസ്ത്രത്തെ ഭാവനാ പൂർവം വിനിയോഗിച്ച കെ എൻ ബാലഗോപാലിനും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നൽകാതെ തരമില്ല.

Back to top button
error: