സുബിയില്ലാത്ത ആദ്യ പിറന്നാള്‍; ഓര്‍മകളില്‍ വികാരാധീനരായി കുടുംബം
അന്തരിച്ച നടി സുബിയുടെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് കുടുംബം. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു. എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- സഹോദരി പറഞ്ഞു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22 നാണ് സുബി വിടപറയുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.
പുരുഷമേല്‍ക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന സുബി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.
തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളില്‍ സജീവമായിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
തുടര്‍ന്ന് രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു.