മലപ്പുറം: പെണ്ണുകാണാനെന്നു പറഞ്ഞെത്തിയ ആള് വീട്ടമ്മയുടെ രണ്ടുപവന്റെ സ്വര്‍ണമാല പൊട്ടിച്ചോടി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തിരൂര്‍ വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചാലക്കപ്പറമ്പില്‍ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂര്‍ കാളാട് സ്വദേശി ചെമപ്പത്തൊടുവില്‍ അഷ്റഫ് (50) എത്തിയത്.
സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാന്‍ വന്നതാണന്നും കുടിക്കാന്‍ വെള്ളം വേണമെന്നും പറഞ്ഞ് ഇയാള്‍ വീട്ടിനുള്ളിലേക്കു കയറുകയും വെള്ളംവാങ്ങി കുടിക്കുന്നതിനിടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളംവെച്ച് പിന്നാലെയോടി ബൈക്ക് പിടിച്ചുവെച്ച് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി തട്ടിപ്പുകാരനെ പിടികൂടുകയായിരുന്നു. തിരൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തു.
തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഇതിന് മുന്‍പ് ഇയാള്‍ സുഹൃത്തിനായി പെണ്ണുകാണാനെത്തിയിരുന്നു. വീട്ടില്‍ വയോധിക തനിച്ചാണന്നുള്ള സാഹചര്യം ബോധ്യപ്പെട്ടതുകൊണ്ടാണ് ഇയാള്‍ വീണ്ടും വന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി വന്ന ഇരുചക്ര വാഹനത്തിന്റ നമ്പര്‍ വ്യാജമാണന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.