CrimeNEWS

പോലീസിനെ വഴിതെറ്റിക്കാന്‍ ഒളിച്ചോട്ടക്കഥ; ക്രൂരമായ കൊലയ്ക്കു ശേഷവും കൂസലില്ലാതെ നാട്ടുകാര്‍ക്കൊപ്പം

മലപ്പുറം: യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പറമ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍, കൊലപാതകം മറയ്ക്കാനും പോലീസ് അന്വേഷണം വഴിതെറ്റിക്കാനും മുഖ്യപ്രതി വിഷ്ണുവും സുഹൃത്തുക്കളും കള്ളക്കഥ പ്രചരിപ്പിച്ചതായി അന്വേഷണ സംഘം. സുജിത മറ്റൊരാള്‍ക്കൊപ്പം ബംഗളൂരുവിലേക്കു പോയതായി ഇവര്‍ പ്രചരിപ്പിച്ചെന്നാണ് കണ്ടെത്തല്‍. ആക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും ഇവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അതേസമയം, വിഷ്ണു വിളിച്ചപ്പോള്‍ സുജിത എന്തുകൊണ്ട് പിന്‍വശത്തെ വാതില്‍വഴി വീട്ടിലെത്തി എന്നതില്‍ അന്വേഷണം നടക്കുകയാണ്.

കേസിന്റെ ചുരുളഴിയാന്‍ വൈകിയതിനു കാരണം മുഖ്യപ്രതി വിഷ്ണു പോലീസിനെ വഴിതെറ്റിക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. സുജിതയെ കാണാതാകുന്നതിനു മുന്‍പ് അവസാനമായി വിളിച്ച വിഷ്ണു തുടക്കം മുതല്‍ പോലീസിന്റെ സംശയക്കണ്ണിലുണ്ട്. എന്നാല്‍, ഇയാള്‍ തന്ത്രപൂര്‍വം കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തി. ക്രൂരമായ കൊലയ്ക്കു ശേഷവും കൂസലില്ലാതെയാണു പ്രതികള്‍ നാട്ടിലൂടെ നടന്നത്. ഇതിനിടെ സുജിത തൃശൂരിലെ യുവാവുമായി പ്രണയത്തിലാണെന്ന കഥ നാട്ടില്‍ പ്രചരിപ്പിക്കാന്‍ വിഷ്ണു ബോധപൂര്‍വമായ ശ്രമം നടത്തി. ഇവര്‍ ഒന്നിച്ചു നാടുവിടാന്‍ സാധ്യതയുണ്ടെന്നു പോലീസിനോടും ഇയാള്‍ പറഞ്ഞിരുന്നു.

Signature-ad

മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ പോലീസ് തന്നെത്തേടി വരുമെന്നു വിഷ്ണുവിന് അറിയാമായിരുന്നു. പോലീസിനോടു പറയാനുള്ള ഉത്തരങ്ങള്‍ നന്നായി ഗൃഹപാഠം ചെയ്തു. കൂട്ടുപ്രതികള്‍ക്കും ഇയാള്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ കൂടിയായ വിഷ്ണു കേസിന്റെ വിവരങ്ങള്‍ ഇടയ്ക്കിടെ പോലീസിനോട് ചോദിച്ചറിഞ്ഞു. ഒപ്പം, സുജിതയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സമൂഹമാധ്യമ ഇടപെടലുകളും നടത്തി.

അതേസമയം, തുവ്വൂരിലെ സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയാണു കേസിന്റെ ചുരുളഴിയാന്‍ സഹായിച്ചത്. സുജിത അണിഞ്ഞിരുന്ന 53 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ വിഷ്ണു വില്‍പന നടത്തിയതായി പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം തുവ്വൂരിലെ ജ്വല്ലറിയില്‍ 35 ഗ്രാം സ്വര്‍ണം വിറ്റ് 83,000 രൂപ വാങ്ങി. ഇതേ ജ്വല്ലറിയില്‍, സുജിതയെ കാണാതാകുന്നതിന് 2 ദിവസം മുന്‍പ് ഒരു പവന്‍ സ്വര്‍ണം നല്‍കി ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. ബാക്കി തുകയ്ക്കുള്ള സ്വര്‍ണം 2 ദിവസത്തിനുള്ളില്‍ എത്തിക്കാമെന്നു വിഷ്ണു ജ്വല്ലറി ഉടമയെ അറിയിക്കുകയും ചെയ്തു. ഇതേ ദിവസം തന്നെ മറ്റൊരു ജ്വല്ലറിയില്‍ 18 ഗ്രാം സ്വര്‍ണം നല്‍കി 97,000 രൂപയും കൈപ്പറ്റി. മുറിച്ചെടുത്തതടക്കം യുവതിയുടെ 2 വളകള്‍, മോതിരം, താലിമാല, മാല, കമ്മല്‍ എന്നീ ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. സ്വര്‍ണം വിറ്റു കിട്ടിയ കുറച്ചു പണം പ്രതികള്‍ വീതംവച്ച് എടുത്തതായി പോലീസ് പറഞ്ഞു. പ്രതികള്‍ പുതിയ മൊബൈല്‍ ഫോണുകളും വാങ്ങി. പഴയ ഫോണുകളിലെ എല്ലാ വിവരങ്ങളും നീക്കം ചെയ്തിരുന്നു.

 

 

 

Back to top button
error: