രാവിലെ ഒമ്പത് മണിക്ക് വിളക്ക് കൊളുത്തിക്കൊണ്ടാണ് സദ്യയ്ക്കുള്ള ഒരുക്കം. ആദ്യം വറുത്തെടുക്കുന്നത് ഉപ്പേരി.അത് തന്നെ പലവിധം – ഏത്തയ്ക്കാ ഉപ്പേരി, ചേനയുപ്പേരി, ചേമ്പ് ഉപ്പേരി – അങ്ങനെയങ്ങനെ അത് നീളുന്നു.പിന്നെ ശർക്കര വരട്ടി, എള്ളുണ്ട, ഉണ്ണിയപ്പം, അട.. അങ്ങനെ മറ്റൊരു കൂട്ടം.
പിന്നെ അച്ചാറ് തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകളാണ്. വെളുത്തുള്ളി അച്ചാർ, ഇഞ്ചി, നാരങ്ങ, അമ്പഴങ്ങ തുടങ്ങി അനേകം അച്ചാറുകളുടെ എരിവ് പാചകപ്പുര കീഴടക്കി കഴിഞ്ഞു.വൈകിട്ട് പച്ചടിയുടേയും കിച്ചടിയുടേയും മണമാണ് അടുക്കളയ്ക്ക്. പുളിശ്ശേരി അടക്കമുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ തിരക്കുകളിലേക്ക് പാചകക്കാർ തിരിഞ്ഞു കഴിഞ്ഞു. അതിന് ശേഷം അവിയൽ, സാമ്പാർ, വറുത്ത എരിശ്ശേരി തുടങ്ങിയവയ്ക്കുള്ള പച്ചക്കറികളരിഞ്ഞ് തുടങ്ങി. രാത്രിയേറെയായാലും ജോലി തീരുന്നേയില്ല. പിറ്റേന്ന് ആളുകൾ ഉണ്ടെഴുന്നേറ്റ് മടങ്ങുന്നത് വരെ എവിടെ വിശ്രമം.
വെളുപ്പിന് നാല് മണി: അരിഞ്ഞ് വച്ച പച്ചക്കറികൾ അടുപ്പിൽ കേറിത്തുടങ്ങി. സാമ്പാർ, അവിയൽ, വറുത്ത എരിശ്ശേരി എന്നിവയൊക്കെ തയ്യാറായി വരാനുള്ള സമയമാണിനി. അതിൽ തന്നെ വറുത്ത എരിശ്ശേരി ആറന്മുളക്കാരുടെ സ്വന്തമാണ്. ഒരുപക്ഷ, വള്ളസദ്യയിലെ പ്രത്യേക വിഭവം. ചേന, ഏത്തയ്ക്ക, വൻപയർ എന്നിവയാണ് പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത്. പിന്നെ തേങ്ങ തിരുമ്മി വറുത്ത് ചേർക്കുന്നു. മറ്റു സദ്യക്കൊക്കെ കൂട്ടുകറിയാണ് എങ്കിൽ ആറന്മുള വള്ളസദ്യയിൽ അത് വറുത്ത എരിശ്ശേരി എന്ന വിഭവമാണ്.
പിന്നാലെ ചോറും പായസവും കൂടി തയ്യാറായതോടെ സദ്യയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇനി അത് കരയ്ക്ക് സമർപ്പിച്ചാൽ മതി. 10 മണിയോട് കൂടി ക്ഷേത്രത്തിലേക്ക് വിഭവങ്ങൾ എത്തിക്കാനുള്ള ഒരുക്കമാവും. ഉച്ചയ്ക്ക് 12 മണി കഴിയുന്നതോടെ വള്ളസദ്യ കഴിക്കാനായി കരക്കാരും ആളുകളുമെത്തി തുടങ്ങും. ഭഗവാൻ ഉണ്ടശേഷമാണ് മറ്റുള്ളവർക്ക് സദ്യ വിളമ്പുന്നത്.സദ്യക്ക് ശേഷം കരക്കാരും വള്ളവും യാത്രയാവുന്നു. ഏറ്റവും ഒടുവിൽ മടങ്ങുന്നത് പാചകക്കാരാവും. പക്ഷേ, പാചകക്കാരുടെയും കണ്ണിലും മനസിലും എപ്പോൾ ഒരു ചിരി കാണാം.അല്ലെങ്കിലും ‘മനുഷ്യൻ മനസ് നിറഞ്ഞുണ്ണുന്നത് കാണുന്നതിനേക്കാൾ സന്തോഷം വെറെന്തുണ്ട് ?
‘അട വേണം പഴം വേണം
തെയ്തെയ് തക തെയ്തെയ് തോം
അട വേണം പഴം വേണം അവലും മലരും വേണം…’
(വിവിധ കോൺട്രാക്ടർമാരാണ് ആറൻമുള വള്ളസദ്യ ഏറ്റെടുത്ത് ചെയ്യുന്നത്)