IndiaNEWS

അറുപതുകാരനിൽ നിന്നും 82 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹണിട്രാപ്പിൽ കുടുക്കി അറുപതുകാരനിൽ നിന്നും 82 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭർത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. ബെം​ഗളുരു സ്വദേശിയായ മുൻ സർക്കാർ ജീവനക്കാരനെയാണ് മൂവർ സംഘം ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്.
ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടർന്ന് റീന വന്നു കണ്ടു.ഇതിനുശേഷം ഇലക്ട്രോണിക് സിറ്റിയിലെ ഒയോ ഹോട്ടലിൽ എത്തിച്ച് റീനയുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് 5000 രൂപ നൽകുകയും ചെയ്തു.
പിന്നാലെ അന്നമ്മ സ്‌നേഹയെ പരിചയപ്പെടുത്തി. സ്‌നേഹയ്ക്കും നിരവധി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതിന് വിസമ്മതിച്ചതോടെ താനുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് അന്നമ്മ ഭീഷണിപ്പെടുത്താൻ തുടങ്ങി. ചിത്രങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പണം നൽകാൻ തീരുമാനിച്ചത്. തുടർന്ന് 82 ലക്ഷം രൂപ അന്നമ്മയുടെയും സ്‌നേഹയുടെയും വ്യത്യസ്ത അക്കൗണ്ടുകളിൽ അയച്ചുനൽകി. പണം നൽകിയ വിവരം ആരോടെങ്കിലും പറഞ്ഞാൽ മകളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
എന്നാൽ 42 ലക്ഷം രൂപ കൂടി നൽകണമെന്നും ഇല്ലെങ്കിൽ ചിത്രങ്ങൾ കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞതോടെ വയോധികൻ പരാതി നൽകുകയായിരുന്നു. പണം തട്ടൽ, കബളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളുടെ അക്കൗണ്ടിലെ 25 ലക്ഷം രൂപ മരവിപ്പിച്ചെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.പ്രതികൾക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്തതിനാണ് സ്നേഹയുടെ ഭർത്താവ് ലോകേഷിനെ അറസ്റ്റ് ചെയ്തത്

Back to top button
error: