പാലക്കാട്:കേരളാ പൊലീസിന് നാണക്കേടായി പേന മോഷണവും. പാലക്കാട് തൃത്താലയില്‍ സ്റ്റേഷനിലെത്തിച്ച കാപ്പാ കേസ് പ്രതിയുടെ വിലകൂടിയ പേനയാണ് എസ് എച്ച് ഒ അടിച്ചു മാറ്റിയത്.സംഭവത്തിൽ എസ് എച്ച് ഒ വിജയകുമാറിനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി സോണല്‍ ഐജിക്ക് ശുപാര്‍ശ ചെയ്തു.
പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയ മാങ്ങ മോഷണത്തിന്റെ അല ഒടുങ്ങും മുമ്ബേയാണ് പേന മോഷണത്തിന്റെ വിവരവും പുറത്ത് വരുന്നത്. എസ് എച്ച് ഒ ആണ് ഇത്തവണ പ്രതി. കാപ്പാ കേസിലെ പ്രതിയുടെ പോക്കറ്റില്‍ കണ്ട വില കൂടിയ മോണ്ട് ബ്ലാങ്ക് പേനയാണ് തൃത്താല എസ് എച്ച് ഒ അടിച്ചു മാറ്റിയത്.
കാപ്പ ചുമത്തി സ്റ്റേഷനിലെത്തിച്ച ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ കയ്യില്‍ നിന്നാണ് എസ് എച്ച് ഒ വിജയകുമാരൻ പേന കൈക്കലാത്തിയത്. പേനയില്‍ ക്യാമറയുണ്ടോയെന്നറിയാൻ എന്ന പേരില്‍ വാങ്ങിവെച്ചതാണെന്നും രജിസ്റ്ററിലുള്‍പ്പെടെ ചേര്‍ക്കാതെ പൊലീസുദ്യോഗസ്ഥൻ പേന കൈക്കലാക്കുകയായിരുന്നെന്നും ഫൈസല്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലുണ്ട്.