തിരുവനന്തപുരം: വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ അഴിമതി ആരോപണമായതുകൊണ്ടാണ്, അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നും സതീശന്‍ പറഞ്ഞു.
വീണാ വിജയനെതിരെയുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് ആക്ഷേപം. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതുകൊണ്ടാണ് അടിയന്തര പ്രമേയമായി കൊണ്ടുവരാത്തത്. അഴിമതി ആരോപണം ഉന്നയിക്കാന്‍ റൂള്‍സ് ഒഫ് പ്രൊസീജിയറില്‍ മറ്റ് വഴികളുണ്ട്. അത് അവസരം കിട്ടുമ്പോള്‍ ഉന്നയിക്കുമെന്ന് സതീശന്‍ പറഞ്ഞു.
ഇന്നലെയാണ് വീണയ്ക്കെതിരായ വാര്‍ത്ത വന്നത്. ഇന്നലെ സഭയില്‍ ബില്ലുകളുടെ ചര്‍ച്ചയായിരുന്നു. അതിനിടയില്‍ എങ്ങനെയാണ് ഈ വിഷയം ഉന്നയിക്കുക? ഇന്ന് റൂള്‍ 15 പ്രകാരം ഉന്നയിച്ചാല്‍ അപ്പോള്‍ തന്നെ സ്പീക്കര്‍ അത് തള്ളും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സഭയിലെ അവസാന ദിവസം ഒരു വിഷയവും പറയാന്‍ പറ്റാതെ ഇറങ്ങിപ്പോരേണ്ടി വരുമായിരുന്നു.
പണം വാങ്ങിയവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുള്ളതില്‍ അസ്വാഭാവികതയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യവസായികളുടെ പക്കല്‍നിന്നു സംഭാവന പിരിക്കില്ലേ? അതിലെന്താണ് തെറ്റ്? ആരെങ്കിലും വീട്ടിലെ നാളികേരം വിറ്റ പൈസ കൊണ്ടുവന്നാണോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്? എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫണ്ട് പിരിക്കുന്നുണ്ട്. പട്ടികയില്‍ പേരു വന്നിട്ടുള്ളതെല്ലാം ഉന്നതമായ സ്ഥാനങ്ങളില്‍ ഇരുന്നവരാണ്. പാര്‍ട്ടി ഫണ്ടു പിരിക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ളവരാണ്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസ് അതതു കാലഘട്ടത്തില്‍ പണം പിരിക്കാന്‍ അധികാരപ്പെടുത്തിയിരുന്നവരാണ്.
‘മാസപ്പടി’ പട്ടികയില്‍ യു.ഡി.എഫ് നേതാക്കളും; പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കില്ല
ശശിധരന്‍ കര്‍ത്ത കള്ളക്കടത്തു നടത്തുന്നയാളല്ല. ലഹരിമരുന്നു കച്ചവടം നടത്തുന്നയാളുമല്ല. പൊതു മേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്കു കൂടി പങ്കാളിത്തമുള്ള ബിസിനസ് സ്ഥാപനം നടത്തുന്നയാളാണ്. അദ്ദേഹത്തിന്റെ കൈയില്‍നിന്നു സംഭാവന വാങ്ങിയതില്‍ ഒരു തെറ്റുമില്ല. അധികാരത്തിലിരുന്ന കാലത്ത് എന്തെങ്കിലും ഫേവര്‍ അവര്‍ക്കായി ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ മാത്രമാണ് പ്രശ്നം- സതീശന്‍ പറഞ്ഞു.