ഹൈദരാബാദ്: വിപ്ലവത്തിന്റെ തീപ്പൊരി ചിതറിച്ച ഗായകനും ആക്ടിവിസ്റ്റുമായ ഗദ്ദര്‍ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1948 ല്‍ ഹൈദരാബാദിലെ തൂപ്രാനിലാണ് ജനനം. ഗുമ്മുഡി വിത്തല്‍ റാവു എന്നാണ് യഥാര്‍ഥ പേര്. പഞ്ചാബില്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്ത ഗദ്ദര്‍ പാര്‍ട്ടിയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിപ്ലവം എന്നര്‍ഥം വരുന്ന ഗദ്ദര്‍ എന്ന പേര് സ്വീകരിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദര്‍ ഇതിന്റെ സാംസ്കാരിക സംഘടനയായ ‘ജനനാട്യ മണ്ഡലി’യുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള പോരാട്ടം 13 വര്‍ഷം നീണ്ടപ്പോള്‍ തന്റെ ഗാനങ്ങളിലൂടെ ജനമനസ്സുകളില്‍ പുതിയ സംസ്ഥാനമെന്ന വികാരം ഗദ്ദര്‍ നിറച്ചിരുന്നു.
ഗദ്ദര്‍ ‘പ്രജ പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു കഴിഞ്ഞമാസമാണു പ്രഖ്യാപിച്ചത്. 1997 ഏപ്രിലില്‍ ഗദ്ദറിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ഗദ്ദറിനെ ഭാര്യയും മകനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആറു ബുള്ളറ്റുകള്‍ ശരീരത്തില്‍ തുളച്ചുകയറി. അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലില്‍ തറച്ച ഒരു ബുള്ളറ്റുമായി ആയിരുന്നു പിന്നീടുള്ള ജീവിതം.