ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികള്‍ക്കു ക്രൂര മര്‍ദനം. സിദ്ധാര്‍ഥ് നഗറിലെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ മൂത്രം കുടിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളക് അരച്ചു തേക്കുകയും ചെയ്തു. ബലംപ്രയോഗിച്ച് ചില അജ്ഞാത കുത്തിവയ്പ്പുകള്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. പച്ചമുളക് കഴിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതും അത് വിഴുങ്ങുന്നതിനായി മൂത്രം നല്‍കിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഇക്കാര്യം നിരസിച്ച കുട്ടികളെ ക്രൂരമായ ആക്രമണത്തിനും ഇരയാക്കി. കൈ പുറകില്‍ കെട്ടി മുഖം തറയില്‍ അമര്‍ത്തി ഉരയ്ക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ ഇട്ടിരുന്ന ട്രൗസര്‍ ഊരിമാറ്റി പച്ചമുളക് അരച്ചു തേക്കുകയും ചെയ്തു.
സിദ്ധാര്‍ഥ് നഗറിലെ പാത്ര ബസാര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അര്‍ഷാന്‍ ചിക്കന്‍ കടയില്‍നിന്ന് ഓഗസ്റ്റ് നാലിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.