KeralaNEWS

വിതുരയില്‍ കരടിയുടെ ആക്രമണം; രക്ഷപ്പെടാന്‍ മരത്തില്‍ക്കയറി, പിന്നാലെ കരടിയും!

തിരുവനന്തപുരം: വിതുര ആനപ്പാറയില്‍ കരടിയുടെ ആക്രമണം. ആനപ്പാറ തെക്കുംകര പുത്തന്‍വീട്ടില്‍ ശിവദാസന്‍ കാണിയെയാണ് കരടി ആക്രമിച്ചത്. രാവിലെ ആറരയോടെ വീടിനു സമീപത്തായിരുന്നു സംഭവം. കരടിയെ കണ്ട ശിവദാസന്‍ അടയ്ക്കാ മരത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. മരത്തില്‍ കൂടെ കയറിയാണ് കരടി ആക്രമിച്ചത്. ശിവദാസന്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ എത്തി കരടിയെ ഓടിച്ചു.

അതേസമയം, നിലമ്പൂര്‍ ഉള്‍വനത്തില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റിരുന്നു. മേയില്‍ എടക്കര തരിപ്പപൊട്ടി കോളനിയിലെ വെളുത്തയ്ക്കാണ് പരിക്കേറ്റത്. സംഭവ ദിവസം വൈകുന്നേരം ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ വെളുത്തയെ കരടി ആക്രമിക്കുകയായിരുന്നു. സ്ഥിരമായി ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കുന്നയാളാണ് വെളുത്ത. തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. വെളുത്തയുടെ കാലില്‍ ഗുരുതര പരിക്കുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് വെളുത്തയുടെ കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കരടി ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയി.

Signature-ad

തുടര്‍ന്ന് കാടിന് വെളിയിലെത്തിയ വെളുത്ത ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോവുകയും ഇവിടെ നിന്ന് ഇയാളെ മഞ്ചേരിയിലേക്ക് മാറ്റുകയുമായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തില്‍ നേരത്തേ ഗൃഹനാഥന് പരുക്കേറ്റിരുന്നു. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാ(61)ണ് പരിക്കേറ്റത്.

ചൂരക്കുനി കോളനിക്ക് സമീപമായിരുന്നു ആക്രമണമുണ്ടായത്. ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജനു നേരെ കരടി ചാടി വീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും കടിക്കുകയും ചെയ്തു. രാജനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: