കൊച്ചി: യുട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്‌ക്കെതിരെ പോലീസ് കേസ്. ചെകുത്താനെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്ന വ്യക്തിയാണ് അജു അലക്‌സ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദറാണ് ബാലയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബാലയ്‌ക്കെതിരെ അജു അലക്‌സ് വീഡിയോ ചെയ്തതിന്റെ പ്രതികാരമാണ് വീട്ടില്‍ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വീട്ടിനുള്ളിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
ആറാട്ടണ്ണന്‍ എന്നുപേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്‌സ് പ്രതികരിച്ചു. ഞാന്‍ അപ്പോള്‍ റൂമില്‍ ഇല്ലായിരുന്നുവെന്നും രണ്ടുഗുണ്ടകളുമായി വന്ന ബാല തോക്കുചൂണ്ടി തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയെന്നും അജു വ്യക്തമാക്കുന്നു. എന്നെ കൊല്ലുമെന്നുപറഞ്ഞാണ് പോയിരിക്കുന്നതെന്നും വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിടുകയായിരുന്നുവെന്നും അജു പറഞ്ഞു.
ആറാട്ടണ്ണനെ കൊണ്ട് മാപ്പുപറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് അജു ഒരു ട്രോള്‍ വീഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നതെന്നാണ് അജു ആരോപിക്കുന്നത്. എന്നാല്‍ കേസെടുത്തതിനുപിന്നാലെ പ്രതികരിച്ച് ബാലയും രംഗത്ത് എത്തി. വീഡിയോയിലൂടെയാണ് ബാല പ്രതികരിച്ചിരിക്കുന്നത്.
ഇങ്ങനെയൊക്കെ പറയുമെന്ന് അറിയുന്നതുകൊണ്ടുതന്നെ അജു അലക്‌സിന്റെ വീട്ടില്‍ നടന്ന കാര്യങ്ങളെല്ലാം വീഡിയോ എടുത്തിട്ടുണ്ടെന്ന് ബാല പ്രതികരിച്ചു. ‘മനുഷ്യന്‍മാര്‍ ഇവിടെയുണ്ടെങ്കില്‍ നിന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്ക് മനസിലാകും. ദയവുചെയ്ത് ചെറിയ കുട്ടികള്‍ക്കുവേണ്ടി നിങ്ങളുടെ നാവൊന്നു ചെറുതാക്കണം’ എന്നാണ് ബാല വീഡിയോയിലൂടെ പ്രതികരിച്ചത്. ചെകുത്താന്റെ വീട്ടില്‍ സുഹൃത്തുമായി സംസാരിക്കുന്ന വീഡിയോയും ബാല പുറത്തുവിട്ടിട്ടുണ്ട്.