ന്യൂഡല്‍ഹി: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന് സി.പി.എം. കേന്ദ്രനേതൃത്വം. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ഈ നിലപാടിലേക്ക് എത്തിയത്. ബി.ജെ.പി. രാഷ്ട്രീയ- വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആരോപണങ്ങളാണ് ‘മിത്ത് വിവാദ’വുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍.
ചര്‍ച്ചയുമായി മുന്നോട്ടുപോയാല്‍ അത് രാഷ്ട്രീയമായും സാമൂഹികവുമായി ഭിന്നിപ്പുണ്ടാക്കാനുള്ള സാധ്യതയുണ്ട്. വിവാദത്തെ മുതലെടുത്ത് ആദ്യനാളുകള്‍ മുതല്‍തന്നെ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ആര്‍.എസ്.എസ്. പ്രചാരണത്തില്‍ വീണുപോയ കോണ്‍ഗ്രസിനെതിരേയും സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നു. അതേസമയം, ഷംസീറിന്റെ പ്രസംഗത്തില്‍ യാതൊരു തെറ്റുമില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. വിശ്വാസികള്‍ക്കെതിരേയോ വിശ്വാസം ഹനിക്കുന്ന തരത്തിലോ ഷംസീര്‍ യാതൊന്നും പറഞ്ഞിട്ടില്ല കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു.
മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം വെള്ളിയാഴ്ചയാണ് ഡല്‍ഹിയില്‍ ആരംഭിച്ചത്. പൊതുരാഷ്ട്രീയവിഷയങ്ങള്‍ക്കുപുറമേ സംഘടനാ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.