ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിനു അയവില്ല. ബിഷ്ണുപൂരില്‍ മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു. മെയ്തി വിഭാഗക്കാരാണ് മരിച്ചത്. ബിഷ്ണുപുര്‍- ചുരാചന്ദ്പുര്‍ അതിര്‍ത്തിയിലാണ് വ്യാപക ആക്രമണം.
സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ തകര്‍ത്തു. കുക്കി, മെയ്തി വിഭഗക്കാരുടെ വീടുകള്‍ ഒരുപോലെ തകര്‍ക്കപ്പെട്ടു. ക്വക്ത ഗ്രാമത്തിലെ മെയ്തി വിഭാഗത്തിന്റെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെയാണ് തിരിച്ചും ആക്രമണം നടന്നത്. വീടുകള്‍ തീ വച്ച് നശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സെഞ്ചാം ചിരാംഗിലും ആക്രമണമുണ്ടായിരുന്നു. ഒരു പോലീസുകാരന്‍ വെടിയേറ്റു മരിച്ചു. അതിനിടെ അക്രമി സംഘം ബിഷ്ണുപൂരില്‍ പോലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു. മണിപ്പൂര്‍ പൊലീസിന്റെ കൈരന്‍ഫാബി, തംഗലാവായി ഔട്ട് പോസ്റ്റുകളാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ആക്രമിച്ച് കൊള്ളയടിച്ചത്.
ഹെയ്ംഗാഗ്, സിംഗ്ജാമെ പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം എത്തിയെങ്കിലും സുരക്ഷാസേന അവരെ തുരത്തി. സുരക്ഷാസേനയും അക്രമികളും തമ്മില്‍ കൗട്രുക്, ഹരോത്തെല്‍, സെഞ്ചാം, ചിരാംഗ് മേഖലകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.