സംസ്ഥാനത്ത് ഊര്‍ജിതമായ കാര്‍ഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കംപനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കംപനി (KABCO) രൂപവത്കരിക്കുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരളത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനക്കും സംസ്കരണത്തിനും ഊന്നല്‍ നല്‍കുന്നതിനായി അഗ്രി പാര്‍ക്കുകളും ഫ്രൂട് പാര്‍ക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കംപനി രൂപവത്കരിക്കുന്നതിലൂടെ സാധ്യമാകും. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാര്ഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കാനും കംപനിക്കാവും. കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണമേന്മകള് പ്രചാരത്തിലാകുന്ന തരത്തില്‍ പൊതു ബ്രാന്‍ഡിങ്ങും കംപനിയുടെ ലക്ഷ്യമാണ്.
കൊച്ചിന് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കംപനി മാതൃകയില്‍ സംസ്ഥാന സര്‍കാരിന്റെ 33 ശതമാനം ഓഹരി വിഹിതവും കര്‍ഷകരുടെ 24 ശതമാനം ഓഹരി വിഹിതവും, കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പെടെയുള്ള കര്‍ഷക കൂട്ടായ്മകളുടെ 25ശതമാനം ഓഹരി വിഹിതവും ഉള്‍പ്പെടും.
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മാതാപിതാക്കളുടെ സംയുക്ത അകൗണ്ടില്‍ തുക കൈമാറും.
ചികിത്സാസഹായം
പ്രശസ്ത സിനിമാ സംവിധായകരായ കെജി ജോര്‍ജ്, എം മോഹന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ചികിത്സാ സഹായം അനുവദിക്കും.
സ്വാതന്ത്ര്യദിന പരേഡ്
2023-ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിക്കും.
ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍
കൊല്ലം: അഡ്വ. ആന്റണി രാജു
പത്തനംതിട്ട: കെഎന്‍ ബാലഗോപാല്‍
ആലപ്പുഴ: പി പ്രസാദ്
കോട്ടയം : റോഷി അഗസ്റ്റിന്
ഇടുക്കി: വിഎന്‍ വാസവന്
എറണാകുളം: കെ രാധാകൃഷ്ണന്
തൃശ്ശൂര്‍: കെ രാജന്
പാലക്കാട്: കെ കൃഷ്ണന്‍കുട്ടി
മലപ്പുറം: വി അബ്ദുര്‍ റഹ് മാന്‍
കോഴിക്കോട്: അഹ് മദ് ദേവര്‍കോവില്‍
വയനാട്: എകെ ശശീന്ദ്രന്
കണ്ണൂര്‍: അഡ്വ. പിഎ മുഹമ്മദ് റിയാസ്
കാസര്‍കോട്: എംബി രാജേഷ്
തസ്തിക
കേരള സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷന് സ്ഥാപിക്കുന്നതിനും പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനുമായി സാങ്കേതിക വിദഗ്ധരുടെ ഒമ്പത് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കാസര്‍കോട് ജില്ലയിലെ ബേഡഡുക്കയില്‍ പുതിയതായി സ്ഥാപിച്ച ആട് ഫാമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒരു ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II തസ്തിക, ഒരു താത്കാലിക അറ്റന്റന്റ് തസ്തിക എന്നിവ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഹൈക്കോടതി എസ്റ്റാബ്ലിഷ് മെന്റില്‍ സേവക്മാരുടെ 47 അധിക തസ്തികകള്‍ 25,300 രൂപ കണ്‍സോളിഡേറ്റഡ് ശമ്പള വ്യവസ്ഥയില്‍ സൃഷ്ടിക്കും.
കെഎഎസ് ട്രെയിനി തസ്തികയ്ക്ക് പുതുക്കിയ ശമ്പള സ്കെയില്‍
കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) ട്രെയിനി തസ്തികയ്ക്ക് 77,200 – 1,40,500 (രൂപ) എന്ന പുതുക്കിയ ശമ്പള സ്കെയില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം ഗ്രേഡ് പേ അനുവദിക്കും. പുതിയ ശമ്പള സ്കെയില്‍ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ 01-07-2023 മുതല്‍ അനുവദിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ശേഷം കെഎഎസില്‍ പ്രവേശിച്ചവര്‍ക്ക് ഇപ്പോള്‍ നിര്ദേശിക്കുന്നതിനേക്കാള് ഉയര്‍ന്ന ശമ്പളം നിലവില്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് സംരക്ഷിച്ചു നല്‍കും.
കാലാവധി ദീര്‍ഘിപ്പിച്ചു
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട് പ്രൊമോഷന് കൗണ്‍സില്‍ (VFPCK) യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിതനായ വി ശിവരാമകൃഷ്ണന് 13-06-2023 മുതല്‍ ഒരു വര്‍ഷത്തേക്ക് നിയമന കാലാവധി ദീര്‍ഘിപ്പിച്ച് നല്കി.
സര്‍കാര്‍ ഗാരന്റി
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്ന് തുക ലഭിക്കുന്നതിന് കേരള സംസ്ഥാന വനിതാ വികസന കോര്പറേഷന് 100 കോടി രൂപയ്ക്ക് അധിക സര്‍കാര്‍ ഗാരന്റി അനുവദിക്കും.
സ്റ്റോഴ്സ് പര്‍ചെയ്സ് മാനുവലിലെ വ്യവസ്ഥകളില്‍ ഇളവ്
കയര്‍ഫെഡ് ഉല്പന്നങ്ങള് കേരളത്തിലെ സര്‍കാര്‍/ അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍/ ക്വട്ടേഷന്‍ കൂടാതെ വിതരണം ചെയ്യുന്നതിന് അനുമതി നല്കി. കയര്‍ ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിന് കയര്‍ഫെഡ് ഉല്പന്നങ്ങളായ കയര്‍ മാറ്റുകള്‍, റബറൈസ്ഡ് കയറുല്പന്നങ്ങള് (മാട്രസ്), ചകിരിച്ചോറ് കംപോസ്റ്റ്, കൊകോപോട് എന്നിവ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൂടാതെ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കു വിതരണം ചെയ്യുന്നത് പരിഗണിച്ചാണിത്. കയര്‍ഫെഡിന്റെ ആവശ്യം പ്രത്യേക കേസായി പരിഗണിച്ച് സ്റ്റോഴ്സ് പര്‍ചെയ്സ് മാനുവലിലെ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കും.
പ്രത്യേക പുനരധിവാസ പാകേജ്
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, നെടിയിരുപ്പ് എന്നീ വിലേജുകളിലെ 14.5 ഏകര്‍ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇരുവശത്തും നിര്‍മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു. മാനദണ്ഡ പ്രകാരമുള്ള 4,60,000/ രൂപയ്ക്ക് പുറമെ 5,40,000/ രൂപ അധിക സഹായമായി നല്കി ഒരു കുടുംബത്തിന് ആകെ 10,00,000/ രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക. കീഴ് വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ചാണിത്.
മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍കാര്‍ പുറമ്പോക്ക് ഭൂമി കൈമാറും
മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് മാത്രമായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്കു അനുമതി നല്‍കും. ഓരോ കേസും പ്രത്യേകം പരിഗണിച്ച്, ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാകും ഇത്. ഇത്തരത്തില്‍ കൈമാറി ലഭിക്കുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗനിർദ്ദേശങ്ങള്‍ റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച് പുറപ്പെടുവിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.
മുദ്രവിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി നല്‍കും
അകാദമി ഓഫ് മാജികല്‍ സയന്‍സിന്റെ പേരില്‍ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ സ്ഥാപിക്കുന്നതിന് കാസര്‍കോട് മടിക്കൈ ഗ്രാമപഞ്ചായതില്‍ കണ്ടെത്തിയ ഭൂമിയുടെ കൈമാറ്റ രെജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രെജിസ്ട്രേഷന് ഫീസും ഒഴിവാക്കി നല്‍കും. 36,05,745 രൂപയാണ് ഒഴിവാക്കി നല്‍കുക. തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയിലുള്ള സ്ഥാപനമാണ് കാസര്‍കോട് വരിക.
കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബില്‍ – 2023ന്റെ കരടിന് അംഗീകാരം
കേരള സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, കേരള സര്‍ക്കാര്‍ നിയമിച്ച വിവിധ കമ്മിറ്റികള്‍ എന്നിവയിലെ പൊതുരേഖകളുടെ സംഭരണം, വര്‍ഗീകരണം, സംരക്ഷണം, ഭരണ നിര്‍വഹണം, നിയന്ത്രണം എന്നിവ നിര്‍വഹിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബില്‍ – 2023ന്റെ കരടിന് അംഗീകാരം നല്കി.
ട്രാവന്‍കൂര്‍ പാലസ് മാനേജ്മെന്റ് സൊസൈറ്റി കേരള ചട്ടങ്ങള്‍ അംഗീകരിച്ചു
ട്രാവന്‍കൂര്‍ പാലസ് മാനേജ്മെന്റ് സൊസൈറ്റി കേരള (ടി പി എം എസ്) രൂപീകരിക്കുന്നതിനുള്ള കരട് മെമൊറാണ്ഡം ഓഫ് അസോസിയേഷന്, ചട്ടങ്ങള്‍ എന്നിവ അംഗീകരിച്ചു.
ശമ്പള പരിഷ്ക്കരണം
കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്റെ ആനുകൂല്യങ്ങള്‍ അനുവദിക്കും.
കരട് ബില്‍ അംഗീകരിച്ചു
2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് കീഴിലുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ ഡിവിഷനല്‍ ഓഫീസറുടെ അധികാരം നല്‍കും. ഇത് ഉള്‍പെടുത്തി 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ചു.