KeralaNEWS

കോട്ടയം സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുമോ? നിലപാടറിയിച്ച് ജോസഫ് വിഭാഗം

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മധ്യകേരളത്തിലെ നിര്‍ണായക സീറ്റായ കോട്ടയം കോണ്‍ഗ്രസുമായി വെച്ചുമാറുമെന്ന പ്രചാരണം ശക്തമായിരിക്കെ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കോട്ടയം സീറ്റ് വച്ചുമാറുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവും പി.ജെ ജോസഫിന്റെ മകനുമായ അപു ജോണ്‍ ജോസഫ് വ്യക്തമാക്കി.

കോട്ടയം സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അപു വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഇടുക്കി സീറ്റ് ജോസഫിന് നല്‍കി ഡീന്‍ കുര്യാക്കോസിന് കോട്ടയം നല്‍കുമെന്നാണ് അഭ്യൂഹം. പത്തനംതിട്ടയില്‍ നിന്ന് ആന്റോ ആന്റണിയെ കോട്ടയത്തേക്ക് എത്തിച്ച് പത്തനംതിട്ട സീറ്റ് ജോസഫിന് നല്‍കുമെന്നുമായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്.

Signature-ad

ജോസഫ് വിഭാഗത്തിലെ ചില നേതാക്കള്‍ പാര്‍ലമെന്റ് സീറ്റിനായി രംഗത്തുവരാനുള്ള സാധ്യത ശക്തമാണ്. ഈ സാധ്യത കണക്കിലെടുത്ത് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇതിനൊപ്പമാണ് കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വാര്‍ത്തകളും ശക്തമായത്.

അതേസമയം, കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് ഇടതുസ്ഥനാര്‍ഥിയാകാനുള്ള ഒരുക്കത്തിലാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായെത്തുന്ന ചാഴിക്കാടനെ പരാജയപ്പെടുത്താന്‍ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ സ്ഥനാര്‍ഥിയുണ്ടാകണമെന്ന ആവശ്യമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്നത്.

 

Back to top button
error: