KeralaNEWS

ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരുടെ ഒളിത്താവളമായി കേരളം; ഇരുട്ടിൽ തപ്പി പോലീസ്

കൊച്ചി:ലഹരിക്കടത്ത്‌ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ പ്രതികളാകുന്ന സംഭവങ്ങള്‍ ഏറിയിട്ടും ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നു വിമര്‍ശനം.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഓരോ ദിവസവും മയക്കുമരുന്ന്‌, കഞ്ചാവ്‌, നിരോധിതപുകയില ഉല്‌പന്നങ്ങള്‍ എന്നിവയുടെ പേരില്‍ പിടിയിലാവുന്നവരില്‍ ഏറെയും അതിഥിത്തൊഴിലാളികള്‍ ആണെന്നാണു കണക്ക്‌.മദ്യവും മയക്കുമരുന്നു വ്യാപാരവും നടത്തുന്നവരിലും ഇവരുണ്ട്‌.

കാക്കനാട്‌ തെങ്ങോടിനു സമീപം കടയുടമയുടെ കൊലപാതകം, കോളിളക്കം സൃഷ്‌ടിച്ച പെരുമ്ബാവൂര്‍
ജിഷ കൊലപാതകക്കേസ്‌ എന്നിവയില്‍ പ്രതിസ്‌ഥാനത്ത്‌ അതിഥി തൊഴിലാളികളാണ്‌.ആലുവയിലെ അഞ്ചുവയസുകാരിയുടെ ദാരുണമരണത്തോടെ ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരുടെ ഒളിത്താവളമായി കേരളം മാറുകയാണെന്നും വിമര്‍ശനമുണ്ട്‌.

Signature-ad

കേരളത്തിലേക്ക്‌ ഓരോ ദിവസവും തീവണ്ടി മാര്‍ഗം എത്തുന്ന നൂറുകണക്കിന്‌ അതിഥിത്തൊഴിലാളികളില്‍ നല്ലൊരു ശതമാനവും എറണാകുളത്താണു തമ്ബടിക്കുന്നത്‌. ഇവരുടെ പശ്‌ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള പോലീസിന്റെ കൈയിലില്ല എന്നതാണു പ്രശ്‌നം.

കേരളത്തിലെത്തുന്ന അതിഥിത്തൊഴിലാളികളെ വിവിധ ജില്ലകളിലേക്ക്‌ ആരാണ്‌ കൊണ്ടുപോകുന്നത്‌, അധികൃതരുടെ പക്കല്‍ ഇവരെപ്പറ്റിയുള്ള വ്യക്‌തിവിവരങ്ങളെല്ലാം കൃത്യമായി ലഭ്യമാക്കുന്നുണ്ടോ, അതത്‌ നാട്ടില്‍നിന്നുള്ള അതിഥിത്തൊഴിലാളികളെ സംബന്ധിക്കുന്ന പോലീസ്‌ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ക്കു ജോലി നല്‍കുന്ന ഉടമകള്‍ പോലീസ്‌ അധികാരികള്‍ക്കു കൈമാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

മരക്കമ്ബനികള്‍, ഇഷ്‌ടികക്കളങ്ങള്‍, പാറമടകള്‍, ക്രഷറുകള്‍, കശാപ്പുശാലകള്‍, മല്‍സ്യമാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, എന്തിന്‌ ബാര്‍ബര്‍ ഷോപ്പുകളില്‍ വരെ അയല്‍ സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരുടെ തള്ളിക്കയറ്റമാണ്‌.കുറഞ്ഞ വേതനവും താമസിക്കാൻ തകരഷീറ്റു മറച്ചൊരു ഷെഡും മതിയെന്നതിനാൽ ഉടമകൾക്കും അതിഥി തൊഴിലാളികളോടാണ് കൂടുതൽ താൽപര്യം.

അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കൊലക്കേസുകളിൽ വൻ വർധന

 കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിൽ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കൊലക്കേസുകളിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.2016 മേയ് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള ആറുവര്‍ഷത്തില്‍ 159 അതിഥി തൊഴിലാളികളാണ് കൊലക്കേസുകളില്‍ പ്രതികളായത്. 118 കേസുകളിലാണ് 159 പേര്‍ പ്രതികളായത്.

തൊഴില്‍മന്ത്രി നിയമസഭക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഇന്റര്‍ ഓപറബിള്‍ സ്റ്റിസ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ അതിഥിതൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോ എന്ന് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ‍ സ്പെഷൽ ബ്രാഞ്ച്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ അതിഥി തൊഴിലാളികളെ സ്ഥിരമായി നിരീക്ഷിക്കാറുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം.എന്നാൽ ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ അതിഥി തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ ദിനംപ്രതി കൂടുകയാണ് കേരളത്തിൽ. അതിഥിത്തൊഴിലാളികളെ പറ്റിയുള്ള ആധികാരികരേഖകള്‍ പോലീസിന്റെയോ തൊഴില്‍വകുപ്പിന്റെയോ പക്കലില്ല എന്നതാണ് യാഥാർത്ഥ്യം.

Back to top button
error: