ആലുവ കൊലപാതകവുമായി ബന്ധപ്പെട്ട് ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാൻ ആണ് ഇന്നലെ നോട്ടീസ് നല്‍കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നീക്കത്തിന് ഇത് തടസ്സമാകുമെന്ന് ഇടത് എംപിമാര്‍ അറിയിച്ചു.ബെന്നി ബഹനാന്റെ നീക്കം പ്രതിപക്ഷ ധാരണയ്ക്ക് വിരുദ്ധമെന്നും ഇടതുപക്ഷം ആരോപിച്ചു.
പ്രതിപക്ഷം ഒന്നടങ്കം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടത്തുമ്ബോഴാണ് ബെന്നി ബഹനാൻ ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. നോട്ടീസ് അംഗീകരിക്കപെട്ടില്ലെങ്കിലും പ്രതിപക്ഷം ഓറ്റകെട്ടായി മണിപ്പൂര്‍ വിഷയം ഉയര്‍ത്തി കൊണ്ടുവരുമ്ബോള്‍ ഇതില്‍ നിന്നു വിഭിന്നമായി ബെന്നി ബഹനാൻ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ഇതോടെ ഇത് ബെന്നി ബഹനാന്റെ വ്യക്തി താല്പര്യമാണെന്നും കോണ്‍ഗ്രസില്‍ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ പ്രതികരിക്കുകയായിരുന്നു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ തലത്തില്‍ വിഷയം ചര്‍ച്ചയാക്കാൻ കോണ്‍ഗ്രസ് എംപി ശ്രമം നടത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 217 മരണങ്ങള്‍ സംഭവിച്ചു. 30,000 ഓളം ആക്രമണക്കേസുകളുണ്ടായി. 9,000 ഓളം കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ഈ വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് തീരുമാനമെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.
അതേസമയം , മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മറുപടി നല്‍കിയ ശേഷം മാത്രം മതി ചര്‍ച്ചയെന്ന പ്രതിപക്ഷ നിലപാടില്‍ ഇന്നലെയും പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നലത്തേയ്ക്ക് പിരിഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ വിമര്‍ശനം.