വീണ്ടും കടൽ കടന്നൊരു പ്രണയകഥ! ഫെയ്സ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ വിവാഹം കഴിച്ച് 25കാരിയായ ശ്രീലങ്കന്‍ യുവതി
ഹൈദരബാദ്: പ്രണയം രാജ്യാതിർത്തികൾ ലംഘിക്കുന്ന വിവിധ സംഭവങ്ങൾക്കാണ് അടുത്തിടെയായി രാജ്യം സാക്ഷിയായിട്ടുള്ളത്. ഇത്തരമൊരു സംഭവത്തിൽ ഫേസ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലെത്തിയ ശ്രീലങ്കൻ യുവതി വിവാഹം ചെയ്തു. വിഗ്നേശ്വരീയ് ശിവകുമാര എന്ന 25കാരിയാണ് വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലെത്തി വിവാഹിതയായത്. ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട സ്വദേശിയായ 28കാരനെയാണ് യുവതി വിവാഹം ചെയ്തത്. ഓഗസ്റ്റ് 6ന് വിസാ കാലാവധി അവസാനിക്കുന്ന യുവതിക്ക് ചിറ്റൂർ ജില്ലാ പൊലീസ് ഇത് വ്യക്തമാക്കി നോട്ടീസ് അയച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വിവാഹ വിവരം വൈറലായതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് അയച്ചത്. ജൂലൈ 8ാം തിയതിയാണ് യുവതി ആന്ധ്ര പ്രദേശിലെത്തിയത്. ജൂലൈ 20നായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. 2017ലാണ് ഇവർ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാവുന്നത്. യുവാവിൻറെ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് വിവാഹമെന്നാണ് വിവരം. വിസ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ യുവതിയുള്ളത്. ഭാവിയിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്. ഇന്ത്യൻ പൌരത്വം ലഭിക്കാനുള്ള നടപടി ക്രമങ്ങളേക്കുറിച്ച് ഡിഎസ്പി യുവതിയോട് വ്യക്തമാക്കിയിട്ടുണ്ട്.
സമാനമായ മറ്റ് രണ്ട് സംഭവങ്ങളാണ് അടുത്തിടെ രാജ്യത്ത് നടന്നിട്ടുള്ളത്. പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട സച്ചിൻ മീണയെന്ന 22കാരനൊപ്പം ജീവിക്കാനായി നാല് കുട്ടികൾക്കൊപ്പം ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീമാ ഹൈദർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാ ഹർജി നൽകിയിരുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്. 2019ൽ ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. മെയ് 13 ന് നേപ്പാൾ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു. പിന്നീട് സച്ചിനൊപ്പം ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്ത് താമസിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂലൈ നാലിന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ഹൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി മതം മാറി കാമുകൻ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് രാജസ്ഥാൻ സ്വദേശിയായ അഞ്ജു എത്തിയത്. വിസയും പാസ്പോർട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യൻ യുവതി വീട്ടുകാരറിയാതെയാണ് കാമുകനെ തേടി പാകിസ്ഥാനിലെത്തിയത്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭീവണ്ടി സ്വദേശിയാണ് അഞ്ജു. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്.