തിരുവനന്തപുരം: പീഡന സാധ്യത മനസിലായാൽ അക്രമിയെ കൊല്ലാൻ പെൺകുട്ടിക്ക് അവകാശമുണ്ടെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് പൊലീസ്. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ഇത്തരം വ്യാജവാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി. ‘ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം ഒരു പെൺകുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസിലായാൽ അക്രമിയെ കൊല്ലാനുള്ള അവകാശം പെൺകുട്ടിക്കുണ്ട്.’ എന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ആലുവയിൽ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിൽ ഇത്തരം പ്രചരണങ്ങൾ ആരംഭിച്ചത്.
അതേസമയം, ആലുവ സംഭവത്തിൽ നീതി ഉറപ്പാക്കുമെന്നും സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ യുപി മാതൃക നടപ്പാക്കണമെന്ന ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു. കേരളത്തെ യുപിയുമായി താരതമ്യം ചെയ്യുന്നത് യുപിയെ വെള്ള പൂശാനാണ്. ഓരോ മൂന്നു മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യുപി. യുപിയിൽ പൊലീസ് ഏറ്റുമുട്ടൽ നിത്യ സംഭവമാണ്. ബിജെപി നേതാക്കൾ പറയുന്നത് മനസിലാക്കാം. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ യുപിയെ വെള്ള പൂശുന്നുത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
പ്രതിക്ക് മരണ ശിക്ഷ കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്. പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂയെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സർക്കാരിലും പൊലീസിലും പൂർണവിശ്വാസമുണ്ട്. ആരോടും പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.