
പത്തനംതിട്ട: പുലര്‍ച്ചെ ജനറല്‍ ആശുപത്രിയില്‍ കടന്ന് അതിക്രമം നടത്തിയയാള്‍ പിടിയിലായി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അതിക്രമം കാട്ടുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ അടൂര്‍ ആനന്ദപ്പള്ളി പന്നിവിഴയില്‍നിന്ന് വടക്കടത്തുകാവ് മുരുകന്‍ കുന്ന് രാജേഷ് ഭവനത്തില്‍ മനോജ് കുമാറി(48)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇയാള്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ അതിക്രമിച്ചു കടന്ന് ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബഹളം വയ്ക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പോലീസില്‍ അറിയിച്ചത് അനുസരിച്ച് അടൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടൂരിന് തൊട്ടടുത്ത കൊട്ടാരക്കര ആശുപത്രിയില്‍ ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ഭയന്നാണ് രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി നോക്കുന്നത്. ഇതിനിടയിലാണ് അടൂരിലെ ആക്രമണം.






