ഇംഫാല്‍: മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. മണിപ്പുര്‍, മിസോറാം സര്‍ക്കാരുകളോട് അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) യില്‍ നിന്ന് ഒരു സംഘത്തെ അയച്ചു. എല്ലാ ജില്ലകളിലും നടപടിയുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മ്യാന്‍മറില്‍ സംഘര്‍ഷമുണ്ടായതോടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് കടക്കുകയാണ്. ഇവരുടെ ലൊക്കേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുന്നതോടെ ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കും. രണ്ടു ദിവസത്തിനിടെ 700-ല്‍ അധികം മ്യാന്‍മര്‍ പൗരന്മാര്‍ അതിര്‍ത്തികടന്ന് സംസ്ഥാനത്ത് പ്രവേശിച്ച സംഭവത്തില്‍ അസം റൈഫിള്‍സിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് 209 പുരുഷന്മാരും 208 സ്ത്രീകളും 301 കുട്ടികളും അതിര്‍ത്തി കടന്നെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
കൃത്യമായ യാത്രാരേഖകളില്ലാത്ത 718-ഓളം മ്യാന്‍മര്‍ പൗരന്മാര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിച്ചുവെന്നതിലാണ് അസം റൈഫിള്‍സിനോട് മണിപ്പുര്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവരെ ഉടന്‍ തിരിച്ചയക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി മണിപ്പുരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ മ്യാന്‍മാര്‍ വംശജര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കലാപത്തിന് പിന്നില്‍ മ്യാന്മാറില്‍ നിന്നുള്ള കുടിയേറ്റക്കാരും മയക്കുമരുന്ന് സംഘങ്ങളുമാണെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങും ആരോപിച്ചിരുന്നു.