എറണാകുളം: ആലുവ നഗരമധ്യത്തില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ്.
മദ്യപിച്ചു റോഡില്‍ കിടക്കുന്നതും ആളുകളുമായി തര്‍ക്കമുണ്ടാക്കുന്നതും പതിവായിരുന്നു. പ്രതി ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. പ്രതിയുടെ സുഹൃത്തുക്കളായ 2 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇവര്‍ക്കു കൊലപാതകത്തില്‍ പങ്കില്ലെന്നാണു പൊലീസ് കരുതുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനു നല്കിയ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവു സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റു മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്.
അസഫാക് ആലം മുന്‍പ് മൊബൈല്‍ മോഷണക്കേസിലും പ്രതിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഒന്നര വര്‍ഷം മുന്‍പാണ് കേരളത്തിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിരുന്നു. 2 ദിവസം മുന്‍പാണ് കുട്ടിയും കുടുംബവും താമസിക്കുന്ന ആലുവ തായിക്കാട്ടുകരയില്‍ ഇയാള്‍ എത്തിയത്.
ജൂസ് വാങ്ങിനല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തെത്തിച്ച് പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം.