CrimeNEWS

കടയ്ക്ക് മുന്നില്‍ കുട്ടികള്‍ മിക്സ്ചര്‍ കവര്‍ ഇട്ടു; പിതാവിനെ ക്രൂരമായി മര്‍ദിച്ച് കടയുടമ

ഇടുക്കി: കടയുടെ മുന്നിലെ റോഡില്‍ കുട്ടികള്‍ മിക്‌സ്ചര്‍ കവര്‍ ഇട്ടതിന് മക്കളുടെ മുന്നില്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പുറപ്പുഴ ടൗണിലെ ദീപം ഡെക്കറേഷന്‍ ഉടമ മുഖയപ്പള്ളില്‍ അനില്‍കുമാറിനെ (50) കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

മര്‍ദനമേറ്റയാളും മക്കളും കാറിലാണ് പുറപ്പുഴ ടൗണിലെത്തിയത്. റോഡരികില്‍ അനില്‍കുമാറിന്റെ കടയുടെ സമീപത്തു നിര്‍ത്തിയ കാറില്‍ ആറും നാലും വയസ്സുള്ള മക്കളെയിരുത്തി പിതാവ് മറ്റൊരു കടയിലേക്കു പോയി. ഈ സമയം ഇളയ കുട്ടി മിക്സ്ചര്‍ പാക്കറ്റ് പൊട്ടിച്ചു കഴിച്ച ശേഷം കാലിയായ കവര്‍ റോഡിലേക്കിട്ടു. ഇത് അനില്‍കുമാറിന്റെ കടയുടെ മുന്നിലാണ് വീണത്.

Signature-ad

തിരിച്ചെത്തിയ രക്ഷിതാവിനോട് കവര്‍ മാറ്റാന്‍ ആവശ്യപ്പെട്ട് അനില്‍കുമാര്‍ അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. കുട്ടികളിലൊരാള്‍ ഇതിനിടെ കാറില്‍ നിന്നിറങ്ങി കവര്‍ എടുത്തുമാറ്റുകയും ചെയ്തു. മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റ രക്ഷിതാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവമറിഞ്ഞ് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമം നടത്തിയ അനില്‍കുമാറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി കരിങ്കുന്നം എസ്ഐ: ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: