കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനുകളുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, നിയമനടപടിക്രമങ്ങൾ എന്നിവ ചർച്ച ചെയ്തു.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി 2023 മാർച്ചിൽ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് നിലവിലെ പുരോഗതി, മാറ്റങ്ങൾ, ഇതിനായി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പരിപാടികൾ, പ്രവർത്തനങ്ങളിൽ നേരിട്ട് പ്രതിസന്ധികളും തടസങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ തുടങ്ങിയവ ജനകീയ പരിശോധനക്ക് വിധേയമാക്കി.
പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രഞ്ജിത്ത് ചേന്നക്കുളം, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഹരിത കർമ്മ സേന- കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.