LocalNEWS

കങ്ങഴ സാംസ്‌കാരിക സമുച്ചയം; സ്ഥലമേറ്റെടുപ്പ് പൂർത്തിയായി

കോട്ടയം: പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ പേരിൽ കങ്ങഴയിൽ നിർമിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ സ്ഥമേറ്റെടുപ്പ് നടപടി പൂർത്തിയായി. കങ്ങഴ മൂലേപീടികയിൽ അഞ്ചേക്കർ സ്ഥലമാണ് സാംസ്‌കാരികവകുപ്പിന് കൈമാറിയത്. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കങ്ങഴയിൽ സമുച്ചയം ഒരുക്കുക. കിഫ്ബി ധനസഹായത്തോടെ 50 കോടി രൂപ ചെലവിലാണ് നിർമാണം. സംസ്ഥാനത്ത് ഇതുവരെ അനുവദിച്ച അഞ്ച് സാംസ്‌കാരിക സമുച്ചയങ്ങളിലൊന്നാണ് കങ്ങഴയിൽ വരുന്നത്.

നാടകശാല, ആധുനിക നിലവാരത്തിലുള്ള സിനിമ തീയറ്റർ, സംഗീതശാല, ഓപ്പറ ഹൗസ്, ആർട്ട് ഗാലറി, പുസ്തക കടകൾ, ചെറുതും വലുതുമായ സെമിനാർ ഹാളുകൾ, ശിൽപികൾക്കും കരകൗശലവിദഗ്ദ്ധർക്കും പരിശീലനസൗകര്യം, അവർക്കുള്ള പണിശാല, നാടക റിഹേഴ്‌സൽ സൗകര്യം, കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും ഹ്രസ്വകാല താമസ സൗകര്യങ്ങൾ എന്നിവയെല്ലാമാണ് സാംസ്‌കാരിക സമുച്ചയത്തിൽ ഉണ്ടാവുക. സമുച്ചയം പൂർത്തിയാകുന്നതോടെ വിദേശികളും സ്വദേശികളുമടക്കം നിരവധി ടൂറിസ്റ്റുകൾ എത്തുന്ന കേന്ദ്രമായി കങ്ങഴ മാറുമെന്നാണ് പ്രതീക്ഷ. വെള്ളാവൂരിലെ ഫോക് വില്ലേജ് ഇതിന്റെ സാറ്റലൈറ്റ് കേന്ദ്രമാകും.

Back to top button
error: