തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയിട്ടില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ അവകാശവാദത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മനഃപൂര്‍വം അദ്ദേഹത്തെ അപമാനിക്കാനായി മാത്രം ആരോപണവിധേയയായ സ്ത്രീയില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്തതെന്ന് സതീശന് പറഞ്ഞു.
കേസില്‍ ഒരു കുറ്റവും ഉമ്മന്‍ചാണ്ടി ചെയ്തിരുന്നില്ല. ഒരു രൂപയുടെ നഷ്ടവും ഖജനാവിന് ഉണ്ടാക്കിയിട്ടുമില്ല. മാറിമാറി അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ഒരു തരത്തിലുള്ള കേസും ഉമ്മന്‍ചാണ്ടിക്കെതിരെ എടുക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും ആര് അന്വേഷിച്ചാലും സത്യം പുറത്തുവരുമെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും സതീശന് പറഞ്ഞു.
ജീവിതത്തിന്റെ സായാഹ്നത്തില്‍ മുഴുവന്‍ ഉമ്മന്‍ചാണ്ടിയെ പുകമറയില്‍ നിര്‍ത്തി അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അത് ഇവര്‍ എത്രകുളിച്ചാലും അവരുടെ ദേഹത്ത് നിന്ന് അത് മാഞ്ഞുപോകില്ല. ഇതൊന്നും ഇപ്പോള്‍ പറയാന്‍ ആഗ്രഹിച്ചതല്ല. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് മറുപടി പറയുന്നതെന്നും സതീശന് പറഞ്ഞു.
പുതുപ്പള്ളിയില്‍ രാഷ്ട്രീയമത്സരം നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഉമ്മന്‍ചാണ്ടിയുടെ മാനം കാക്കാന്‍ കോണ്‍ഗ്രസിന് ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സതീശന് പറഞ്ഞു.