KeralaNEWS

”ഞങ്ങള്‍ ഒരിടത്തും ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് കൊടുത്തിട്ടില്ല; മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ അനുവദിക്കില്ല”

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ എല്‍ഡിഎഫോ സിപിഎമ്മോ ഒരിടത്തും പരാതി കൊടുത്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വ്യക്തിയെ നോക്കിയല്ല, പ്രശ്‌നം നോക്കി നിലപാട് സ്വീകരിക്കുന്നതാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും രീതിയെന്ന് ജയരാജന്‍ വ്യക്തമാക്കി. ഒരാളെയും ഞങ്ങള്‍ ചില പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇന്നുവരെ വേട്ടയാടിയിട്ടില്ല. തിരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുതുപ്പള്ളിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന ആവശ്യം തള്ളിക്കളഞ്ഞു.

നിയമസഭകളില്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞിരിക്കുന്നുവെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ചിലര്‍ സംസാരിക്കുമ്പോള്‍ അവരുടെ വാക്ചാതുരി അനുസരിച്ച് അതിര്‍ വരമ്പുകള്‍ ലംഘിച്ചിട്ടുണ്ടാകാം. ഇതു കോണ്‍ഗ്രസിനും ബാധകമാണ്. ആര്‍ക്കെതിരെയും അനാവശ്യ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ജയരാജന്‍ അവകാശപ്പെട്ടു.

Signature-ad

”സിപിഎമ്മോ എല്‍ഡിഎഫോ ഇന്നുവരെ ഒരാളെയും എന്തെങ്കിലും പ്രശ്‌നം വച്ചുകൊണ്ട് രാഷ്ട്രീയമായോ അല്ലാതെയോ വേട്ടയാടിയിട്ടില്ല. എല്ലാ പ്രശ്‌നങ്ങളോടും ശരിയായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതില്‍ വ്യക്തികളെ നോക്കാറില്ല. പ്രശ്‌നം നോക്കി നിലപാട് സ്വീകരിക്കുന്നതാണ് രീതി. അത് തത്ത്വാധിഷ്ഠിതമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. അങ്ങനെ വരുമ്പോള്‍ പലര്‍ക്കും അത് കൊണ്ടിട്ടുണ്ടാകും. അങ്ങനെ കൊള്ളുന്നവര്‍ ദുഃഖം അനുഭവിക്കുന്നുണ്ടാകും. അവര്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്താനാണ് ഇത്തരം വിമര്‍ശനങ്ങളും അവസരങ്ങളും വിനിയോഗിക്കേണ്ടത്.” -അദ്ദേഹം പറഞ്ഞു.

”ഇന്ന് മുഖ്യമന്ത്രിയെ വേട്ടയാടുന്നില്ലേ? എത്രമാത്രം ഹീനമായ വാക്കുകള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടുന്നത്. മുന്‍പ് വേട്ടയാടിയെന്നു പറയുന്നവര്‍ ഇതൊക്കെയൊന്നു പരിശോധിക്കൂ. ഇതും വേട്ടയാടലാണ്. ഒരു മുഖ്യമന്ത്രിയെ വേട്ടയാടുമ്പോള്‍ ഞങ്ങള്‍ നോക്കി നില്‍ക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉണ്ടായ മുദ്രാവാക്യം വിളി ജനം വിലയിരുത്തും. മുഖ്യമന്ത്രിക്കെതിരായ കടന്നാക്രമണം തടയാന്‍ എല്‍ഡിഎഫ് ശ്രമിക്കും.” -ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

Back to top button
error: