IndiaNEWS

മോദിയുടെ വായ് തുറപ്പിക്കാനൊരുമ്പെട്ട് ‘ഇന്ത്യ’ സഖ്യം; അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ സഖ്യം. ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖരായ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ നടന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് വിവരം.

Signature-ad

മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കൊണ്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിക്കാനുള്ള കഠിനശ്രമത്തിലാണ് പ്രതിപക്ഷം. സര്‍ക്കാരിനേക്കൊണ്ട് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിപ്പിക്കാനുള്ള അനുയോജ്യമായ മാര്‍ഗമായാണ് അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷം കണക്കാക്കുന്നത്. മണിപ്പുര്‍ വിഷയത്തില്‍ രാജ്യസഭയിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

ഇതിനിടെ, മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായി. തുടര്‍ന്ന്‌ലോക്‌സഭ ഉച്ചയ്ക്ക് രണ്ടുമണിവരേയും രാജ്യസഭ 12 മണിവരേയും നിര്‍ത്തിവെച്ചു.

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമായി വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയും ആര്‍.ജെ.ഡി. എം.പി. മനോജ് സിന്‍ഹയും നോട്ടീസ് നല്‍കിയപ്പോള്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി. രഞ്ജിത് രഞ്ജനും ആവശ്യമുന്നയിച്ചു. ഇദ്ദേഹത്തെ കൂടാതെ രാഘവ് ഛദ്ദ, കെ. കേശവ് റാവു, കെ.ആര്‍. സുരേഷ് റെഡ്ഡി, ജോഗിനിപള്ളി സന്തോഷ്‌കുമാര്‍, ബദുഗുല ലിങ്കയ്യ യാദവ്, മനോജ് ഝാ, സെയ്ദ് നാസര്‍ ഹുസൈന്‍, തിരുച്ചി ശിവ, ഇമ്രാന്‍ പ്രതാപ്ഗഡി, രാജീവ് ശുക്ല എന്നിവരും നോട്ടീസ് നല്‍കി.

പ്രധാനമന്ത്രി സഭയിലെത്തി സ്വമേധയാ പ്രസ്താവന നടത്തണമെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ പ്രതിപക്ഷം ബഹളമാരംഭിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രധാനമന്ത്രി സഭയില്‍ സംസാരിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രതിപക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ആഭ്യന്തരമന്ത്രിയല്ല, പ്രധാനമന്ത്രി തന്നെ സംസാരിക്കണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.

 

Back to top button
error: