തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം പഴയപടി 25 കോടിയായി തന്നെ നിലനിര്‍ത്തി. രണ്ടാം സമ്മാനത്തിന്റെ ഘടനയില്‍ മാറ്റമുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞവര്‍ഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ.
ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയായിരിക്കും ഈ വര്‍ഷവും. 500 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ തൊഴിലാളിക്ക് 100 രൂപ വീതം കിട്ടും. ടിക്കറ്റിന്റെ പ്രിന്റിങ് കളര്‍ ഒഴിവാക്കി ഫ്ളൂറസന്റ് പ്രിന്റിങ്ങാക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനച്ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 20-നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്.
കഴിഞ്ഞ വര്‍ഷം 3,97,911 ഭാഗ്യശാലികളെയായിരുന്നു ഓണം ബമ്പര്‍ കാത്തിരുന്നത്. എന്നാല്‍, ഇത്തവണ 5,34,670 പേര്‍ക്ക് സമ്മാനം നല്‍കും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1,36,759 പേര്‍ കൂടുതലാണിത്.
50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. കഴിഞ്ഞവര്‍ഷം ആകെ 66,55,914 ഭാഗ്യക്കുറികളായിരുന്നു വിറ്റത്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ധനമന്ത്രി ഓണം ബമ്പര്‍ പ്രകാശം ചെയ്തു. ചലച്ചിത്ര താരം പി.പി. കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.