എന്നാൽ ഇന്നിത് കൊല്ലങ്കോടിന് ഉപദ്രവമായി മാറിയിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങളിൽ അപകടകരമാകുന്ന തരത്തില്‍ നടത്തുന്ന സാഹസിക പ്രകടനങ്ങള്‍, ലഹരി ഉപയോഗിക്കുന്നവരുടെ
സാന്നിധ്യം,മദ്യകുപ്പികളും മറ്റും പരിസരങ്ങളിലേക്ക് വലിച്ചെറിയുന്നവർ തുടങ്ങി കൊല്ലങ്കോടിന്റെ പ്രകൃതിക്ക് തന്നെ ഇത് ദോഷമായി ഭവിച്ചിരിക്കയാണ്.
കൊല്ലങ്കോടിന്‍റെ ടൂറിസം വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രദേശം സന്ദർശിക്കുന്നുണ്ട്.കെ. ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ രാവിലെ ഏഴ് മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, ഡി.ടി.പി.സി സെക്രട്ടറി, റവന്യൂ, ഫോറസ്റ്റ് പ്രതിനിധി, എക്‌സൈസ്, പൊലീസ്, കൃഷി വകുപ്പ് പ്രതിനിധികള്‍ സന്നദ്ധ സംഘടനകള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
കൊല്ലങ്കോടിന്റെ പ്രകൃതിദത്തമായ ടൂറിസം സാധ്യതകള്‍ അറിയാനും പദ്ധതികള്‍ തയാറാക്കാനുമായാണ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു. കൊല്ലങ്കോടിന്റെ ഗ്രാമീണ ഭംഗിയും പച്ചപ്പും നിലനിര്‍ത്തിക്കൊണ്ട് തന്നെ വ്യൂ പോയന്റുകള്‍, ഹോംസ്റ്റേകള്‍ ഉള്‍പ്പെടെ സജ്ജീകരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാറിന് പ്രപ്പോസല്‍ സമര്‍പ്പിക്കും. ഇത് സംബന്ധിച്ച് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷ, വെള്ളച്ചാട്ടങ്ങളില്‍ അപകടകരമാകുന്ന തരത്തില്‍ സാഹസിക പ്രകടനങ്ങള്‍, ലഹരി ഉപയോഗിക്കുന്നവരുടെ സാന്നിധ‍്യം എന്നിവയുടെ നിയന്ത്രണവും സുരക്ഷയും ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് വിവിധ സംഘടനകള്‍ പറഞ്ഞു.